വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: കെ.പി.എസ്.ടി.എ
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയുടെ വിശ്വാസ്യതയും നിലവാരവും തകര്‍ക്കുന്ന രീതിയില്‍ സ്വകാര്യ ട്യൂഷന് സെന്ററിന്റെ ചോദ്യപേപ്പര്‍ പകര്‍ത്തി നല്‍കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
എസ്.എസ്.എല്‍.സി പരീക്ഷയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പാകപ്പിഴവാണ് സംഭവിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ അച്ചടി ശാലകളില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ പകര്‍ത്തി നല്‍കിയത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. പൊതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി നിരന്തര പരിശീലനങ്ങള്‍ മാത്രം നടത്തിയാല്‍ പോര, പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുന്ന തരത്തില്‍ പരീക്ഷകള്‍ നടത്തകയും വേണം. പരീക്ഷ നടത്തിപ്പില്‍ സംഭവിച്ച ഗുരുതര വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. ഈ ആവശ്യമുന്നയിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തും. ജില്ലാ പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അജിത്ത്കുമാര്‍, സെക്രട്ടറി എം.കെ സനല്‍കുമാര്‍, പി.ടി ജോര്‍ജ്, കെ.എല്‍ ഷാജു, ഇ. ഉദയചന്ദ്രന്, ജോജോമാത്യു, ടി.ടി റോയ് തോമസ്, സി. ജയേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."