ഊടും പാവും നഷ്ടപ്പെട്ട് കൈത്തറിയുടെ നിറംമങ്ങി
പാലക്കാട്: ഊടും പാവും നഷ്ടപ്പെട്ട് നിറംമങ്ങിയ കൈത്തറിക്ക് നവകേരളം 2018ന്റെ വേദി തിളക്കമേകുന്നു. ഗുണമേന്മയും കണ്ണിന് കൗതുകവും നല്‍കുന്ന കൈത്തറി വസ്ത്രങ്ങള്‍ അരങ്ങൊഴിയുന്ന കാഴ്ചയാണ് ഇന്നു കണ്ടുവരുന്നത്. ചിറ്റൂര്‍,ദേവാംഗപുരം,എലപ്പുള്ളി,പെരുവെമ്പ്,ആലത്തൂര്‍,കുത്താമ്പുള്ളി,ഷൊര്‍ണ്ണൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്ന കൈത്തറി തൊഴില്‍ ചെയിതുരുന്നവര്‍ വിരളമാവുകയാണ്.
കൈത്തറി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന ചെറു ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് കൈത്തറി വസ്ത്രങ്ങളുടെ ഉത്പാദനം നടത്തിയിരുന്നത്. ഓരോ വീടുകളിലും നെയ്ത്ത് തറികള്‍ വച്ച് കുടുബാംഗങ്ങളുടെ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമായാണ് ഓരോ മലയാളികളുടെയും വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് ഗുണമേന്മയും ഈടും നല്‍കപ്പെട്ടത്. രാജഭരണകാലത്ത് കേരളത്തിലേക്ക് കുടിയേറി വന്ന കൈത്തറി നെയ്ത്തുകാരുടെ ജന്മനാട് യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടകയാണ്. കൈത്തറി വസ്ത്രങ്ങള്‍ക്ക് രാജ്യമെമ്പാടും പ്രസിദ്ധിയും ആവശ്യക്കാരും നിലനില്‍ക്കുന്ന ഇതേ സമയത്ത് പരമ്പരാഗതമായി കൈവന്ന കൈത്തൊഴിലില്‍ നിന്നും യാതൊരു ലാഭവും കിട്ടാതെ തൊഴിലാളികള്‍ ഈ രംഗത്തുനിന്നും അപ്രത്യക്ഷമാവുകയാണ്.
കൈത്തറിയെന്ന മേഖലയെമാത്രം ആശ്രയിച്ചു കഴിയുന്ന ഏകദേശം ആറ്് ലക്ഷത്തോളം ആളുകളും അവരുടെ കുടുംബങ്ങളുമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ ഹാന്‍ഡ് ലൂം, കൈത്തറിയുടെ പേരിലുള്ള മറ്റ് വ്യാജ ഉത്പന്നങ്ങളുടെ കടന്നുകയറ്റം തുടങ്ങിയവ യഥാര്‍ത്ഥ കൈത്തറി വസ്ത്ര വ്യാപാര രംഗത്ത് വന്‍ തകര്‍ച്ചക്കിടയാക്കുകയും ഇത് കൈത്തറി മേഖല ഉപജീവനമാര്‍ഗ്ഗമാക്കിയ ഒരു കൂട്ടം ജനതക്ക് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിലുപരിയായി ഈ മേഖലയിലെ വയോധികരായ തൊഴിലാളികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇവര്‍ക്ക് ആധുനിക നെയ്ത്ത് മേഖലയിലേക്ക് തിരിയാനുള്ള പരിചയകുറവ് ഇതിലെ ഒരു പ്രധാന കാരണമായി പറയാം.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൈത്തറി സംസ്‌കാരത്തിന് പുതുജീവന്‍ നല്‍കുന്നതിനായി,വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്ന ഈ വേളയില്‍ കേരളസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പ്രവേശനോത്സവത്തിന് സ്‌കൂളിലെത്തുന്ന ഓരോ വിദ്യാര്‍ഥിക്കും കൈത്തറി വസ്ത്രങ്ങള്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കൈത്തറിയുടെ ശാപം ഇവിടെയും തുടരുന്നു. കൈത്തറി തൊഴിലാളികളുടെ ലഭ്യതകുറവ് തന്നെയാണ് പ്രധാന പ്രതിസന്ധി. എന്നാല്‍ അതിലൊന്നും തളരാതെ കൈത്തറിയെ ഭാവി തലമുറക്ക് പരിചയപെടുത്തുന്നതിനും കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുമായാണ് കേരള സര്‍ക്കാറിന്റെ നവകേരളം മേളയില്‍ കൈത്തറിയുടെ പ്രദര്‍ശനമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."