അട്ടപ്പാടി പീഡന കേസ്; പൊലിസ് വാനില്‍ നിന്നും ചാടിപോയ പ്രതിയെ പിടികൂടി
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിരയായ സംഭവത്തിലെ കേസില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോവുന്നതിനിടെ പൊലിസ് വാനില്‍ നിന്നും ചാടി പോയ പ്രതിയെ പൊലിസ് പിടികൂടി. അട്ടപ്പാടി കാരറ സ്വദേശി വീനസ് രാജ് (20)നെയാണ് അഗളി എ.എസ്.പി സുജിത്തും സംഘവും പിടികൂടിയത്.
പൂഞ്ചോല - ആനമൂളി റോഡില്‍ അമ്പലക്കടവില്‍ വെച്ച് ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പ്രതിയെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ മണ്ണാര്‍ക്കാട് കോടതിക്ക് സമീപത്ത് വെച്ചാണ് വീനസ് രാജ് പൊലിസിനെ വെട്ടിച്ച് മുങ്ങിയത്. അട്ടപ്പാടി കേസിലുള്‍പ്പെട്ട നാലു പ്രതികളെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോവുകയും,
ശേഷിക്കുന്ന വീനസ് രാജ് അടക്കമുളള എട്ട് പ്രതികളെ പൊലീസ് ബന്ധവസില്‍ പൊലീസ് വാനില്‍ ഇരുത്തിയിരിക്കുകയുമായിരുന്നു. ഇതിനിടെയാണ് വീനസ് രാജ് പൊലിസിനെ കണ്ണ് വെട്ടിച്ച് ചാടി പോയത്.
പൊലിസിനെ വെട്ടിച്ച് കടന്നതിന് മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നേരത്തെ ആനക്കട്ടി സ്വദേശി ഇന്ദുജ (19), നെല്ലിപ്പതി സ്വദേശികളായ രതീഷ് (20) ശിവകുമാര്‍ (22), താഴെ സാമ്പാര്‍ക്കോട് മണികണ്ഠന് (20), താഴെ സാമ്പാര്‍ക്കോട് രാമരാജ് (20), ഭൂതിവഴി സ്വദേശികളായ സതീഷ് (21), രാജേഷ് (25), കുമാര്‍ (22), കാരയൂര്‍ സ്വദേശികളായ ഈശ്വരന് (20), അരവിന്ദ് (22), നെല്ലിപ്പതി സ്വദേശി കുമാര്‍ (23) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."