നിലപാട് വ്യക്തമാക്കി ഉ. കൊറിയന്‍ ഭരണാധികാരി കിം; ഉച്ചകോടിയില്‍ ഉറച്ചുതന്നെ
പ്യോങ്‌യാങ്: സമ്പൂര്‍ണ ആണവ നിരായുധീകരണം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ചു നടത്താന്‍ നിശ്ചയിച്ച ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച മാറ്റമില്ലാതെ നടക്കുമെന്നും കിം അറിയിച്ചു. ഇരുകൊറിയന്‍ നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ പുറത്തുവിടവെ ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച ഇരുകൊറിയയുടെയും നേതാക്കള്‍ കിം ജോങ് ഉന്നിന്റെയും മൂണ്‍ ജെ. ഇന്നിന്റെയും നേതൃത്വത്തില്‍ സൈനികരഹിത മേഖലയായ പാന്‍മുന്‍ജോമില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക സമയം ആറിന് ആരംഭിച്ച കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു.
ഏപ്രില്‍ 27നു നടന്ന ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതു ത്വരിതഗതിയിലാക്കുക, ട്രംപ്- കിം കൂടിക്കാഴ്ച നിശ്ചയിച്ചതുപ്രകാരം നടത്താന്‍ നടപടി കൈക്കൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ശനിയാഴ്ചത്തെ കൂടിക്കാഴ്ച.
അതിനിടെ, സിംഗപ്പൂര്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ടുപോകുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞയാഴ്ച ഉച്ചകോടിയില്‍നിന്നു പിന്മാറുന്നതായി ട്രംപ് അറിയിച്ചിരുന്നു. ഉ. കൊറിയ ശത്രുതാപരമായ സമീപനം തുടരുന്നുവെന്നു കാണിച്ചായിരുന്നു തീരുമാനം. ഉച്ചകോടിയില്‍നിന്നു പിന്മാറുന്നതായി ഉ.കൊറിയന്‍ നേതാവ് സൂചിപ്പിച്ചതിനു പിറകെയായിരുന്നു ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഉച്ചകോടിക്കുള്ള സാധ്യതക്കു മങ്ങലേറ്റ അവസ്ഥയായിരുന്നു. ജൂണ്‍ 12ന് ഉച്ചകോടി വിജയകരമായി നടത്താന്‍ താനും കിമ്മും അംഗീകരിച്ചതായി മൂണ്‍ അറിയിച്ചു. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കാനും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള പരിശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ട്രംപുമായുള്ള ഉച്ചകോടിയില്‍ കിം ഉറച്ചുനില്‍ക്കുകയാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും ഉ. കൊറിയന്‍ സര്‍ക്കാര്‍ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
യു.എസ്- ഉ.കൊറിയ ഉച്ചകോടിക്കു മുന്നോടിയായി ഇരുകൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ഉ.കൊറിയ ഇതില്‍നിന്നു പിന്നീട് പിന്മാറി. അതോടൊപ്പം സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള ഉച്ചകോടിയില്‍നിന്നു പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് ദ.കൊറിയ നടത്തുന്ന സൈനികാഭ്യാസം തന്നെയായിരുന്നു ഉ. കൊറിയയെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."