മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
മാള: ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. കാനകളില്‍ പലതും പുല്ലും മാലിന്യവും നിറഞ്ഞിട്ടും അധികൃതര്‍ക്ക് കണ്ടമട്ടില്ല. മഴക്കാലത്ത് വെള്ളകെട്ട് പതിവായ മാള ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ പോലും ശുചീകരണം തുടങ്ങാന്‍ അധികൃതര്‍ തയാറാകുന്നില്ല.
ബസ് സ്റ്റാന്റിന്റെ അകത്ത് പല ഭാഗങ്ങളിലും പുല്ലും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞിരിക്കുകയാണ്. ഇവിടെയുള്ള അഴുക്കു ചാലുകള്‍ പലതും കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മാള ബസ് സ്റ്റാന്റിനു മുന്നില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മാലിന്യങ്ങളും ഇതു വരെ നീക്കം ചെയ്തിട്ടില്ല. ഈ ഭാഗത്ത് കാനകള്‍ക്കു മുകളിലുള്ള സ്ലാബുകള്‍ നീക്കം ചെയ്ത് ശുചീകരണം നടത്തണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
സമീപത്തെ കടകളില്‍നിന്ന് കാനകളിലേക്കു മലിനജലം ഒഴുക്കുന്നതിന് പൈപ്പുകള്‍ സ്ഥാപിച്ചതായും ആക്ഷേപമുണ്ട്. പോസ്റ്റ് ഓഫിസ് റോഡില്‍നിന്നെത്തുന്ന വെള്ളം കാനകളിലേക്ക് ഒഴുക്കിയാണ് വെള്ളകെട്ട് ഇല്ലാതാക്കുന്നത്. ഇവിടെ കാനകളില്‍ പലതിലും അടിഞ്ഞ മാലിന്യം നീക്കാത്തതിനാല്‍ വേനല്‍ മഴയില്‍ പോലും വെള്ളകെട്ട് ഉണ്ടാകുന്നത് പതിവായി. കിഴക്കേ അങ്ങാടിയിലും വ്യത്യസ്ഥമല്ല.
മാള വള്ളോന്‍ സ്മാരക കോളനിയ്ക്കും ബി.എഡ് കോളജിനും സമീപത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. അലക്ഷ്യമായ കുപ്പി ശേഖരണം കൊതുക് കേന്ദ്രമായി മാറുന്നുവെന്നും ജന ജീവിതത്തിനു ഭക്ഷണിയാകുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. നിരവധി മദ്യ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമാണു ഇവിടെ അലക്ഷ്യമായി ശേഖരിച്ചു വെച്ചിരിക്കുന്നത്. ഈ കുപ്പികള്‍ കഴുകി വൃത്തിയാക്കി മറ്റു സ്ഥാപനങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും മൂടികള്‍ ഇല്ലാത്ത കുപ്പികള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നതിനാല്‍ കുപ്പികളില്‍ വെള്ളം കെട്ടി കൊതുക് മുട്ടയിട്ടു പെരുകാന്‍ സാധ്യതയേറിയിരിക്കുകയാണ്. മഴക്കാലം അടുത്തിരിക്കുമ്പോഴും ആരോഗ്യ വകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."