അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ചികിത്സാരംഗത്ത് നാഴികക്കല്ലാകും: മന്ത്രി കെ.കെ ശൈലജ
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച അത്യാഹിത വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുള്ള അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ചികിത്സാരംഗത്ത് നാഴികക്കല്ലാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ജില്ലയിലെ മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല ഉള്‍പ്പെടെയുള്ള പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മാതൃകയില്‍ ആധുനിക ട്രയാജ് സംവിധാനങ്ങളോടെ 36 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാഹിത വിഭാഗം അനേകം രോഗികള്‍ക്ക് ആശ്വാസമാകും. ആശുപത്രികള്‍ രോഗീസൗഹൃദമാക്കാനുള്ള വലിയ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. 4300 പുതിയ തസ്തികകള്‍ ഈ രംഗത്ത് സൃഷ്ടിച്ചു.
എങ്കിലും നിലവിലെ സ്റ്റാഫ് പാറ്റേണ്‍ ഇനിയും പരിഷ്‌കരിക്കേണ്ടതുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ജെന്‍ഡര്‍ ക്ലിനിക്കിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടക്കമായത് വലിയ നാഴികക്കല്ലാണ്.
നീപ വൈറസ് ബാധ നിയന്ത്രിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് കാഴ്ചവെച്ചിട്ടുള്ളത്. ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ണമാകുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും- മന്ത്രി പറഞ്ഞു. ജില്ലയിലെ മന്ത്രിസഭാ വാര്‍ഷികാഘോഷ സമാപനവും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായി.
എംഎല്‍എമാരായ അഡ്വ. കെ. സുരേഷ്‌കുറുപ്പ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.കെ. ആശ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, മുന്‍ എം.എല്‍.എയും ആശുപത്രി വികസന സമിതി സ്‌പെഷ്യല്‍ നോമിനിയുമായ വി. എന്‍. വാസവന്‍, വൈക്കം വിശ്വന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."