ഉദ്ഘാടനത്തിനൊരുങ്ങി ഫയര്‍സ്റ്റേഷന്‍ കെട്ടിടം; നോക്കുകുത്തിയായി മിനി സിവില്‍ സ്റ്റേഷന്‍
മുക്കം: കാത്തിരിപ്പിനും മുറവിളികള്‍ക്കുമൊടുവില്‍ മുക്കത്തെ ഫയര്‍സ്റ്റേഷന്‍ യാഥാര്‍ഥ്യമായെങ്കിലും എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കുകയാണ്.
മുക്കത്തെ അര ഡസനോളം സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടത്തില്‍ നിന്നു മാറ്റി സ്വന്തം കെട്ടിടത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. ലക്ഷങ്ങള്‍ വാടക നല്‍കിയാണ് കൃഷി ഓഫിസ്, കെ.എസ്.എഫ്.ഇ, ട്രഷറി, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഗസ്ത്യന്‍ മുഴിയില്‍ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടമാവട്ടെ ഏകദേശം മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മിനി സിവില്‍ സ്റ്റേഷന്‍ അഗസ്ത്യന്‍ മുഴിയില്‍ യാഥാര്‍ഥ്യമായത്.
മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്തെ റവന്യു ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ഒരു വിഭാഗവും അഗസ്ത്യന്‍ മുഴിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിരുന്നു. അവസാനം അന്നത്തെ എം.എല്‍.എയും റവന്യു മന്ത്രിയുമടക്കം ഇടപെട്ടാണ് അഗസ്ത്യന്‍ മുഴിയില്‍ സ്ഥാപിച്ചത്.
ഉദ്ഘാടനം വൈകുന്നതിന് പിന്നിലും പഴയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം. അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ച ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."