ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു: പരിശോധനക്ക് ഒരൊറ്റ ഡോക്ടര്‍ മാത്രം
ദേശമംഗലം : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു.
ഡോക്ടര്‍മാരുടേയും, മറ്റ് ജീവനക്കാരുടേയും അഭാവമാണ് ആശുപത്രിയെ ദോഷകരമായി ബാധിയ്ക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറടക്കം നാല് ഡോക്ടര്‍മാരേയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരുന്നത്.
എന്നാല്‍ മൂന്ന് ഡോക്ടര്‍മാരും അവധിയിലാണ് ഒരു ഡോക്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റൊരാള്‍ ജോലി രാജി വച്ചു.
വനിതാ ഡോക്ടര്‍ നീണ്ട അവധിയിലുമാണ്. ഏക ഡോക്ടര്‍ കാലത്ത് ജോലിയ്‌ക്കെത്തിയാല്‍ രണ്ട് മണിയോടെ സ്ഥലം വിടും. ഇതോടെ അഞ്ച് മണി വരെ പ്രവര്‍ത്തിയ്‌ക്കേണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉച്ചവരെയായി കുറയുകയാണ്.
പ്രതിദിനം 250 ഓളം പേരാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങുന്ന സ്ഥിതിയാണ്.
കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം മറ്റ് ആശുപത്രികളിലെത്താനെന്നത് ജന ദുരിതം വര്‍ധിപ്പിക്കുന്നു.
ആശുപത്രിയില്‍ അടിയന്തരമായി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണ മെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒയ്ക്ക് പഞ്ചായത്ത് നിവേദനം നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് എം. മഞ്ജുള, വൈസ് പ്രസിഡന്റ് സലീം ആവശ്യപ്പെട്ടു.
എം.എല്‍.എ യു.ആര്‍ പ്രദീപ് ഈ കാര്യത്തില്‍ പ്രകടിപ്പിയ്ക്കുന്ന മൗനം അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."