അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍
ഒലവക്കോട്: നഗരത്തിന്റെ പ്രവേശനകവാടമായ ഒലവക്കോട്ടെ പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഒലവക്കോട് റെയില്‍വെ സ്റ്റേഷനെ (പാലക്കാട് ജങ്ഷന്‍) ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം പദ്ധതി തയ്യാറാക്കിതുടങ്ങി. മെയ് ആദ്യവാരത്തോട് പദ്ധതിയുടെ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.
പാലക്കാടിനു പുറമെ കോട്ടയം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്കുയര്‍ന്നതിനായി 20 കോടി രൂപ വീതമനുവദിച്ചതായി റെയില്‍വേ മന്ത്രാലയം കഴിഞ്ഞ ദിവസമറിയിച്ചിരുന്നു. പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കെത്തുന്നതിനായുള്ള ബൈപാസ്, സ്റ്റേഷനു മുന്നില്‍ പുതിയ കവാടം എല്ലാ പ്ലാറ്റ് ഫോമുകളും യന്ത്രപടികള്‍, യാത്രക്കാര്‍ക്കായി ആധുനിക രീതിയിലുള്ള വിശ്രമമുറികള്‍, ഭിന്ന ശേഷിക്കാര്‍ക്കു സഞ്ചരിക്കുന്നതിനായി പ്രത്യേകം റാമ്പുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവയാണ് പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെയും യാത്രക്കാരുടെയും എല്ലാം അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്തിനുപുറത്തുളള അന്താരാഷ്ട്ര റെയില്‍ സ്റ്റേഷനുകളുടെ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പഠിച്ചാണ് ഇതേ മാതൃകയില്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍ സ്റ്റേഷനിലും പദ്ധതികള്‍ നടപ്പിലാക്കുന്നത്.
റെയില്‍ സ്റ്റേഷനുപുറമെ റെയില്‍വെ ആശുപത്രിയിലെ സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ തീരുമാനമുണ്ട്. പുതിയ പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ഡിവിഷന്‍ സ്വന്തമായി ട്രാക്ക് മെഷീന്‍ കേന്ദ്രം (സാറ്റലൈറ്റ് ട്രാക്ക് മെഷീന്‍ ഡിപ്പോ) നിര്‍മ്മിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. റെയില്‍വേ ട്രാക്കുകളിലെ പരിഷ്‌കരണം, അറ്റകുറ്റപ്പണികള്‍, സ്ലീപ്പര്‍ പുതുക്കല്‍, മെറ്റല്‍ മാറ്റല്‍, ശുചീകരണം തുടങ്ങിയ മുഴുവന്‍ ജോലികളും ചെയ്യുന്ന മെഷീന്‍ നിലവില്‍ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ഡിപ്പോയില്‍ നിന്നുമാണ് പാലക്കാട് ഡിവിഷനിലേക്കെത്തുന്നത്.
ദിനം പ്രതി നൂറുക്കണക്കിനു ട്രെയിനുകളും ആയിരക്കണക്കിനു യാത്രക്കാരും വന്നുപോകുന്ന ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതിയ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്കുയരുന്നതിനു പുറമെ വരുമാന വര്‍ദ്ദനവും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."