തത്തംപ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രം രണ്ട് ദിവസമെങ്കിലും തുറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: കഴിഞ്ഞ 50 വര്‍ഷമായി കോട്ടുവള്ളി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ തത്തംപ്പിള്ളിയില് പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യകേന്ദ്രം ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തുറന്നു പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. രണ്ടാഴ്ചയിലൊരിക്കല്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ സേവനം നടത്തണമെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. എല്ലാ വ്യാഴാഴ്ചയും ജീവിതശൈലി രോഗ ക്ലിനിക് വെള്ളിയാഴ്ചകളില്‍ ആന്റിനേറ്റല്‍ ക്ലിനിക്കും പ്രവര്‍ത്തിക്കണം.
മൂന്നാമത്തെ വ്യാഴാഴ്ച കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പ് നടത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. വാര്‍ഡ്തല ആരോഗ്യ ശുചീകരണത്തിനായി യോഗങ്ങള്‍ നടത്തണം. ആശാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാര്‍ഡ്തല അവലോകനയോഗങ്ങള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും വാര്‍ഡ് മെമ്പര്‍മാരെയും പങ്കെടുപ്പിച്ച് നടത്തണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
പഞ്ചായത്ത് നിവാസികള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. തത്തംപ്പിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ സ്ഥലംമാറ്റിയതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താറുമാറായെന്ന് പരാതിപ്പെട്ട് എം.കെ വേണുഗോപാല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."