വെയ്ല്‍സിന് സ്റ്റോപ്പിടാന്‍ ബെല്‍ജിയം
പാരിസ്: യൂറോ കപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു വമ്പന്‍മാരുടെ പോരാട്ടം. ഗരത് ബെയ്ല്‍ നയിക്കുന്ന വെയ്ല്‍സിന് ബെല്‍ജിയമാണ് എതിരാളി. താരമൂല്യം കണക്കിലെടുക്കുമ്പോള്‍ ബെല്‍ജിയം വമ്പന്‍ ടീമാണ്. പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് ബെല്‍ജിയത്തിന്റെ വരവ്. എന്നാല്‍ ഈ യൂറോയിലെ അത്ഭുത ടീമുകളിലൊന്നാണ് വെയ്ല്‍സ്. റഷ്യയോടും അയര്‍ലന്‍ഡിനോടും ടീമിന്റെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു.
ഇറ്റലിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റാണ് യൂറോയില്‍ ബെല്‍ജിയം തുടങ്ങിയത്. എന്നാല്‍ പതിയെ ഫോം വീണ്ടെടുത്ത ടീം ഇപ്പോള്‍ അതിശക്തമാണ്. അതേസമയം നിര്‍ണായക മത്സരത്തില്‍ കാലിടറുന്നവരാണെന്ന പേരുദോഷം ടീമിനുണ്ട്. ലോകോത്തര മുന്നേറ്റമാണ് ടീമിനുള്ളത്.
ഏദന്‍ ഹസാദ്, റൊമേലു ലുകാകു എന്നിവരാണ് മുന്നേറ്റത്തെ നയിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ കെവിന്‍ ഡി ബ്രൂയ്ന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ടൂര്‍ണമെന്റിലെ മറ്റേതൊരു കളിക്കാരനേക്കാളും മികവ് പ്രകടിപ്പിക്കാന്‍ ഡി ബ്രയ്‌ന് സാധിക്കുന്നുണ്ട്. ഇറ്റലിക്കെതിരേ നിറം മങ്ങിയ പ്രകടനത്തിന് പഴികേട്ട ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത് ഡി ബ്രയ്‌ന്റെ മികവാണ്. ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കുന്നതിലും താരം പ്രകടിപ്പിച്ച മികവാണ് പ്രീ ക്വാര്‍ട്ടറില്‍ വമ്പന്‍ ജയത്തിന് ബെല്‍ജിയത്തെ സഹായിച്ചത്. മുന്നേറ്റത്തില്‍ ഹസാദ് ഫോമിലേക്കുയര്‍ന്നത് ടീമിന് ആശ്വാസം നല്‍കുന്നു.
എന്നാല്‍ ഹംഗറിക്കെതിരേ താരത്തിന് പരുക്കേറ്റത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാല്‍ ബെല്‍ജിയം കോച്ച് വില്‍മോട്‌സ് ഇതില്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം പരുക്കിനെ തുടര്‍ന്ന് പരിശീലനത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ വെയ്ല്‍സിനെതിരേ ഹാസദ് കളിക്കുമെന്ന് കോച്ച് കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ നിരയില്‍ തോമസ് വെര്‍മിലന്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് കളിക്കില്ല. പകരം മ്യൂണിയര്‍, ആല്‍ഡര്‍വെയ്‌റെല്‍ഡ് എന്നിവര്‍ പ്രതിരോധ കോട്ട കാക്കും. ഇവര്‍ക്കൊപ്പം ഡെനായര്‍, വെര്‍ട്ടോഗന്‍ എന്നിവരുമുണ്ടാകും. മധ്യനിരയില്‍ വിറ്റ്‌സല്‍, നെയ്ന്‍ഗോലന്‍ എന്നിവര്‍ ഡിബ്രൂയ്‌ന് പിന്തുണ നല്‍കും.
നെയ്ന്‍ഗോലന്‍ മികച്ച നീക്കങ്ങള്‍ പുറമേ ഗോളുകളും നേടുന്നുണ്ട്. അതേസമയം വെയ്ല്‍സിനെതിരേ സ്വാഭാവിക കളി പുറത്തെടുക്കുമെന്നും ബെയ്‌ലിനെ പ്രത്യേകം മാര്‍ക്ക് ചെയ്യില്ലെന്നും വില്‍മോട്‌സ് പറഞ്ഞു.
എന്നാല്‍ ബെല്‍ജിയത്തെ മെരുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് വെയ്ല്‍സ് കളത്തിലിറങ്ങുന്നതെന്ന് ക്രിസ് കോള്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ടീം നായകന്‍ ആഷ്‌ലി വില്യംസ് തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് രണ്ടു ദിവസമായി പരിശീലനത്തിറങ്ങിയിട്ടില്ല. ഉത്തര അയര്‍ലന്‍ഡിനെതിരേയുള്ള പ്രീ ക്വാര്‍ട്ടറിലാണ് താരത്തിന് പരുക്കേറ്റത്. എന്നാല്‍ ബെല്‍ജിയത്തിനെതിരേ കളിക്കുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ താരം ഗരത് ബെയ്‌ലിലാണ് ടീമിന്റെ പ്രതീക്ഷ.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടാന്‍ ബെയ്‌ലിന് സാധിച്ചിരുന്നു. ഉത്തര അയര്‍ലന്‍ഡിനെതിരായ ടീമിന്റെ വിജയത്തിന് കാരണമായ സെല്‍ഫ് ഗോള്‍ പിറന്നതും ബെയ്‌ലിന്റെ ക്രോസില്‍ നിന്നായിരുന്നു. ബെയ്ല്‍ തിളങ്ങിയാല്‍ വെയ്ല്‍സിനെ പിടിച്ചു കെട്ടുക ബെല്‍ജിയത്തിന് ദുഷ്‌കരമാകും. ബെയ്‌ലിന് പിന്തുണയായി മുന്നേറ്റത്തില്‍ ആരോണ്‍ റാംസി, റോബ്‌സന്‍ കാനു എന്നീ മികച്ച താരങ്ങളുണ്ട്. ഇരുവരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ ലെഡ്‌ലി, അല്ലന്‍, വില്യംസ്, ചെസ്റ്റര്‍ എന്നിവര്‍ നന്നായി കളിക്കുന്നു. എന്നാല്‍ പ്രതിരോധത്തില്‍ അല്‍പ്പം ആശങ്കയുണ്ട്. ഗുണ്ടര്‍, ടെയ്‌ലര്‍, ഡേവീസ് എന്നിവരടങ്ങുന്ന പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ വമ്പന്‍ തോല്‍വിയായിരിക്കും വെയ്ല്‍സ് നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."