കണ്ണൂര്‍ വിമാനത്താവളം:പ്രീ ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തിയായി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ആദ്യപടിയായ പ്രീ ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തിയായി. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് ലഭിക്കാന്‍ വേണ്ടി കിയാല്‍ നല്‍കി അപേക്ഷയെ തുടര്‍ന്നാണ് ലൈസന്‍സിങ് ഓഡിറ്റ് നടത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലായിരുന്നു ഓഡിറ്റ്. പരിശോധനാസംഘം എയര്‍പോര്‍ട്ട്, ഓപറേഷനല്‍ ഏരിയ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സെക്യൂരിറ്റി ടെര്‍മിനല്‍, റണ്‍വേ, ടെര്‍മിനല്‍, ലൈറ്റിങ് എന്നിവ വിശദമായി പരിശോധിച്ചു. വിമാനത്താവള നിര്‍മാണ പ്രവൃത്തി 85 ശതമാനം പൂര്‍ത്തിയായി. ടെര്‍മിനല്‍ നിര്‍മാണ പ്രവൃത്തി അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വിസുകള്‍ക്കു പുറമെ വിദേശ സര്‍വിസ് നടത്താനും നീക്കമുണ്ടെങ്കിലും ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ ഇത് സാധ്യമാവുകയുള്ളൂ.
ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ഇതിനകം തന്നെ ധാരണപത്രം ഒപ്പുവച്ചു കഴിഞ്ഞു. ആഭ്യന്തര സര്‍വിസുകളില്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട് ) ആയി സംസ്ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ധനത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."