പെട്രോളിയം മേഖലയില്‍ നിക്ഷേപത്തിന് 85 ശതമാനം ആദായ നികുതിയുമായി സഊദി
ജിദ്ദ: പെട്രോളിയം, ഹൈഡ്രോകാര്ബണൈറ്റ് മേഖലയിലെ നിക്ഷേപ സംരംഭങ്ങളുടെ വരുമാനത്തിന് ആദായ നികുതി ചുമത്തിക്കൊണ്ട് സല്മാന് രാജാവിന്റെ പ്രത്യേക ഉത്തരവ്. മുതല്‍മുടക്കിന് തോതനുസരിച്ച് 50 മുതല്‍ 85 ശതമാനം വരെയാണ് ആദായ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നികുതി നിലവില്‍ വരുമെന്നും രാജവിന്റെ ഉത്തരവിലുണ്ട്.
375 ബില്യന്‍ റിയാലിനു മുകളില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം, 300 മുതല്‍ 375 ബില്യന്‍ വരെ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 65 ശതമാനം, 225 മുതല്‍ 300 ബില്യന്‍ റിയാല്‍ വരെ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ക്ക് 75 ശതമാനം, 225 ബില്യന്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് 85 ശതമാനം എന്നിങ്ങിനെയാണ് ആദായ നികുതിയുടെ തോത് നിശ്ചയിച്ചിരിക്കുന്നത്.
പെന്ഷന് ഫണ്ട്, ജനറല്‍ ഓര്ഗനൈസേഷന് ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി), തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ നല്കുന്ന ആനുകൂല്യം, മെഡിക്കല്‍ ചെലവുകള്‍ എന്നിവ ആദായ നികുതിയില്‍നിന്ന് കുറയ്ക്കാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ആദായ നികുതി സര്‍ക്കാര്‍ ഉടമയിലുള്ള സ്വദേശ എണ്ണക്കമ്പനികള്‍ക്കു കൂടുതല്‍ സാധ്യത തുറന്നുകൊടുക്കുമെന്നും വിദേശ നിക്ഷേപകരില്‍ കുറവുണ്ടാവാന്‍ സാധ്യതയുള്ള ആശങ്ക ഇത്തരം വരുമാനത്തിലൂടെ പരിഹരിക്കുമെന്നും രാജകല്‍പനയോട് പ്രതികരിച്ചുകൊണ്ട് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ അധീനതയിലുള്ള ഭീമന് കമ്പനിയായ സഊദി അരാംകോക്ക് കൂടുതല്‍ ലാഭം നേടിത്തരുന്നതാണ് പുതിയ തീരുമാനമെന്നും സഊദി വിഷന്‍ 2030ന് അനുയോജ്യമാണ് സല്മാന് രാജാവിന്റെ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."