മിസ് കേരള മത്സ്യങ്ങളെ വ്യാപകമായി കടത്തുന്നു
തിരൂര്‍: അലങ്കാര മത്സ്യവിപണിയില്‍ വന്‍ ഡിമാന്റും വിലപിടിപ്പുമുള്ള കേരളത്തിലെ ശുദ്ധജല മത്സ്യമായ മിസ് കേരളയെ യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തിനു പുറത്തേക്കു വ്യാപകമായി കടത്തുന്നു. വംശനാശ ഭീഷണി നേരിടുന്ന സഹ്യാദ്രി ഡെന്നിസോണി എന്ന ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെ പിടിക്കുന്നതും വില്‍ക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതു വകവയ്ക്കാതെയാണു കടത്തല്‍ നിര്‍ബാധം തുടരുന്നത്. പശ്ചിമഘട്ട മലനിരകളോടു ചേര്‍ന്നുള്ള പുഴകളില്‍ നാമമാത്രമായി കാണപ്പെടുന്ന ഇവയെ അലങ്കാരമത്സ്യ ഉല്‍പാദന- വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബംഗളൂരുവിലേക്കും സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത്. മിസ് കേരള മത്സ്യത്തെ അക്വേറിയത്തില്‍ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്.
കോഴിക്കോട് കൂടരഞ്ഞി മേഖലയില്‍ പണം നല്‍കി മിസ് കേരള മത്സ്യങ്ങളെ ശേഖരിച്ച് ബംഗളൂരുവിലേക്ക് ഇപ്പോഴും കയറ്റി അയക്കുന്നുണ്ട്. പ്രദേശത്തെ അലങ്കാരമത്സ്യ കര്‍ഷകര്‍ ബംഗളൂരുവില്‍ നിന്നുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇവയെ എത്തിച്ചുകൊടുക്കുന്നത്. ബംഗളൂരുവില്‍ നിന്നു വിദേശ അക്വേറിയങ്ങളിലേക്ക് കേരള മത്സ്യങ്ങളെ വിമാനമാര്‍ഗം കയറ്റി അയക്കുകയാണ്. ഇത്തരത്തില്‍ വിദേശങ്ങളില്‍ നിന്ന് അനധികൃതമായി കേരളത്തിലേക്കും തമിഴ്‌നാട്ടിലെ ചെന്നൈ അടക്കമുള്ള മേഖലകളിലേക്കും മത്സ്യങ്ങളെത്തുന്നുണ്ട്. ലക്ഷങ്ങളുടെ കച്ചവടമാണ് ഈ മേഖലയില്‍ ദിനംപ്രതി നടക്കുന്നത്. മിസ് കേരളയെ പിടിക്കാനും വില്‍ക്കാനും പാടില്ലെന്ന നിയമവും മത്സ്യക്കയറ്റുമതിക്ക് ലൈസന്‍സ് വേണമെന്ന കര്‍ശന നിബന്ധനകളും പാടെ ലംഘിക്കപ്പെട്ടിട്ടും ഫിഷറീസ്‌വകുപ്പ് അധികൃതര്‍ ഇതൊന്നും അറിയുന്നില്ല.
കേരളത്തിലെ പശ്ചിമഘട്ട മലനിരകളോടും കര്‍ണാടകയിലെ ഇത്തരം മേഖലകളോടും ചേര്‍ന്ന പുഴകളും തോടുകളുമാണ് മിസ് കേരളയുടെ ആവാസ വ്യവസ്ഥ. കേരളത്തില്‍ ചന്ദ്രഗിരി, വളപട്ടണം, കാര്യങ്ങാട്, ചാലിയാര്‍, കുറ്റ്യാടി, ഭാരതപ്പുഴ, കുപ്പം, ഇരുട്ടി, അഞ്ചരക്കണ്ടി, ഭവാനി, ചാവടിയാര്‍ എന്നീ പുഴകളിലാണ് റെഡ് ലൈന്‍ ടോര്‍പ്പിഡോ ബാര്‍ബ്, ഡെനിസണ്‍ ബാര്‍ബ് എന്നീ പേരുകളില്‍ വിദേശങ്ങളില്‍ അറിയപ്പെടുന്ന മിസ് കേരളയുടെ സാന്നിധ്യം. എന്നാല്‍ കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ടെക്‌നോളജിയിലെ ഗവേഷകസംഘം 2006 ല്‍ നടത്തിയ പഠനത്തില്‍ ഇത്തരം സുപ്രധാന ആവാസ വ്യവസ്ഥകളില്‍ നിന്ന് 70 ശതമാനം മിസ് കേരള മത്സ്യങ്ങളും അപ്രത്യക്ഷമായതായി കണ്ടെത്തി. കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പും വേട്ടയാടലും വിപണനവും കാരണം മിസ് കേരളയുടെ വംശനാശം വേഗത്തിലായെന്നു പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വളപട്ടണം, ചാലിയാര്‍, ചന്ദ്രഗിരി പുഴകളിലെ മിസ് കേരള സാന്നിധ്യം പകുതിയിലധികം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."