ജലസുരക്ഷയ്ക്കും കൃഷിക്കും മുന്‍ഗണന നല്കി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
വെള്ളാങ്ങല്ലൂര്‍: ജലസുരക്ഷ ഉറപ്പാക്കി കൃഷിയുടേയും അനുബന്ധ മേഖലയുടേയും പുരോഗതിയും ലക്ഷ്യമാക്കി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. 11.20 കോടി ജലസുരക്ഷയ്ക്കും കൃഷിക്കു മാത്രമായി വകയിരുത്തി. കാര്‍ഷിക മേഖലയിലെ സമഗ്രത ലക്ഷ്യമാക്കിക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളുടേയും ഇടപെടല്‍ ഉറപ്പാക്കാനായി കര്‍ഷക സഹകരണ പ്രസ്ഥാനവും ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇണക്കിച്ചേര്ക്കലും ബജറ്റിലൂടെ ലക്ഷ്യമാക്കുന്നു. പരിധിയില്ലാതെ ആശ്രയിക്കാവുന്ന എം.ജി.എന്‍.ആര്.ഇ.ജി.എസ്, മറ്റു പദ്ധതികളായ എം.കെ.എസ്.പി., പി.എം.കെ.എസ്.വൈ., കേരള സര്‍ക്കാര്‍ വികസന ഫണ്ടുകള്‍ എന്നിവയുടെ ഏകോപനം ഇതിനായി ഉപയോഗപ്പെടുത്തും.
സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമാക്കിക്കൊണ്ട് 63.41 ലക്ഷം രൂപ വകയിരുത്തി. ദാരിദ്ര്യ ലഘൂകരണം, ഭവന നിര്‍മ്മാണം, വനിതാ ശിശുക്ഷേമം, വൃദ്ധര്‍, വികലാംഗര്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുന്‍ഗണനാക്രമമനുസരിച്ച് തുക വക കൊള്ളിച്ചു. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന 10 ലക്ഷം, സംയോജിത നീര്‍ത്തട പരിപാലന പരിപാടി 1.69 കോടി, ദുര്‍ബല, പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീടിന് മൂന്നു കോടി, പട്ടികജാതി വികസനം 4.85 കോടി, സാക്ഷരത .തുടര്‍ വിദ്യാഭ്യാസ പരിപാടി, കേരളോത്സവം 68.15 ലക്ഷം, റോഡുകള്‍, കെട്ടിടങ്ങള്‍ 98.07 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ വകകൊള്ളിച്ചു. 46.86 കോടി വരവും 46.85 കോടി ചെലവും 1.17 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതി സുരേഷ് അവതരിപ്പിച്ചു. പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."