നവീകരിച്ചിട്ടും നന്നാകാതെ പനമരം ടൗണ്‍; മഴ പെയ്താല്‍ റോഡ് കുളമാകും
പനമരം: ഒച്ചിഴയും വേഗത്തിലായിരുന്ന ഏറെ വിവാദം സൃഷ്ടിച്ച നവീകരണ പ്രവര്ത്തികള്ക്കൊടുവിലും പനമരത്ത് മഴ പെയ്താല്‍ റോഡ് കുളമാകുന്നു.
പനമരം ടൗണില്‍ പാലത്തിനടുത്താണ് വെള്ളം ഒഴുകി പോകാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കോടികള്‍ മുടക്കി നടപ്പാത നവീകരിച്ചപ്പോള്‍ ഇവിടെ വെള്ളം ഒഴുകി പോകുന്നതിനായി കലുങ്ക് നിര്‍മിച്ചിരുന്നു.
എന്നാല്‍ അശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മിച്ചതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. ചെറിയ മഴയില്‍ പോലും ടൗണില്‍ വെള്ളക്കെട്ടുകളാല്‍ നിറയുന്ന കാഴ്ച്ചയാണ്.
വലിയ പാലം കവല മുതല്‍ ആശുപത്രി റോഡ് വരെയുള്ള ഭാഗങ്ങളിലെ വെള്ളമാണ് ഇപ്പോള്‍ റോഡില്‍ കെട്ടിക്കിടന്ന് യാത്രക്കാര്‍ക്ക് പ്രശ്നമാവുന്നത്. പൊതുവെ താഴ്ന്ന പ്രദേശം കൂടി ആയതിനാല്‍ ഇവിടേക്ക് ടൗണിലെ നാനാഭാഗത്ത് നിന്നും വെള്ളം ഒഴുകി എത്തുകയാണ്. വെള്ളത്തിനൊപ്പം മാലിന്യങ്ങളും കുമിഞ്ഞു കൂടുന്നുണ്ട്.
കലുങ്ക് പണിയുന്നതിന് മുമ്പ് വെള്ളം ഇവിടെ കെട്ടികിടക്കാറില്ലെന്ന് കച്ചവക്കാര്‍ പറയുന്നു. വെള്ളം ഒഴുക്കിവിടാന്‍ ഉള്ള ഹോളുകള്‍ തീരെ ചെറുതായതും കുഴികള്‍ക്ക് ആവശ്യത്തിന് വിസ്താരം ഇല്ലാത്തതിനാലും കലുങ്കിലേക്ക് വെള്ളം ഒഴുകി എത്താതെ റോഡില്‍ത്തന്നെ കെട്ടിക്കിടക്കുകയാണ്.
തൊട്ടടുത്ത കച്ചവട സ്ഥാപനങ്ങള്‍ക്കും ഇത് വിനയാകുന്നു. വാഹനം ഓടുമ്പോള്‍ വെള്ളം തെറിക്കുന്നതാണ് പ്രശ്നം. ഇതോടെ കോടികള്‍ മുടക്കിയുള്ള നവീകരണം വെറുതെയായെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."