മേകുനു: എംപ്റ്റി ക്വാര്‍ട്ടറില്‍ കാല്‍ നൂറ്റാണ്ടിനിടയിലെ അപൂര്‍വ്വ തടാകം രൂപപ്പെട്ടു
റിയാദ്: അറേബ്യന്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിയായ കാറ്റായും മഴയായും രൂപപ്പെട്ടു തീരപ്രദേശങ്ങളെ ചുഴറ്റിയെറിഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായി അറിയപ്പെടുന്ന എംപ്റ്റി ക്വാര്‍ട്ടറില്‍ അപൂര്‍വ തടാകങ്ങളും രൂപപ്പെടുത്തി. അതിശക്തമായ മഴയില്‍ ഇവിടെ താല്‍ക്കാലിക തടാകങ്ങള്‍ പ്രകൃതി രൂപപ്പെടുത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായി അറിയപ്പെടുന്ന റുബുഉല്‍ ഖാലിയെന്നറിയപ്പെടുന്ന ഇവിടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒന്നിലധികം തടാകങ്ങളാണ് ഇവിടെ രൂപപ്പെട്ടത്. റുബുഉല്‍ ഖാലി മേഖലയിലെ അല്‍ ഖരീര്‍, തബലതത്തൂണ്‍, ഉമ്മുല്‍ മില്‍ഹ് എന്നിവിടങ്ങളിലാണ് പ്രധാനമായി വലിയ തടാകങ്ങള്‍ രൂപപ്പെട്ടത്. ഇവിടെ നിന്നും പകര്‍ത്തിയ തടാകങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സഊദി-യമന്‍-ഒമാന്‍ അതിര്‍ത്തി പങ്കിടുന്ന റുബുഉല്‍ ഖാലി കണ്ണെത്താ ദൂരത്തോളം വിസ്തൃതിയിലാണ് പരന്നു കിടക്കുന്നത്. സാഹസിക വിനോദസഞ്ചാരികളുടെ കേന്ദ്രവും കൂടിയാണ് റുബുഉല്‍ ഖാലിയുടെ വിവിധ കേന്ദ്രങ്ങള്‍.
അപ്രതീക്ഷിതമായി ഉണ്ടായ ഈ പ്രതിഭാസം കാരണം ഇവിടെ ഇനി പുല്ലുകളും ചെറിയ മരുപ്പച്ചകളും എളുപ്പത്തില്‍ തന്നെ മുളച്ചു തുടങ്ങുമെന്നും രണ്ടു വര്‍ഷത്തേക്ക് ഒട്ടകങ്ങള്‍ക്ക് മേയാനുള്ള സുലഭമായ പുല്ലുകളും മറ്റും ലഭിക്കുമെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയുടെ അസാധാരണ പ്രതിഭാസം വരും ആഴ്ച്ചകളില്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായതിനാല്‍ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നും കണക്കു കൂട്ടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."