എല്ലാ നവജാത ശിശുക്കള്‍ക്കും സി.സി.എച്ച്.ഡി പരിശോധന നടത്തും
തിരുവനന്തപുരം: കേരളത്തിലെ എല്ലാ നവജാത ശിശുക്കള്‍ക്കും ക്രിറ്റിക്കല്‍ കന്‍ജന്റല്‍ ഹാര്‍ട്ട് ഡിസീസ് (സി.സി.എച്ച്.ഡി) പരിശോധന നടത്താനുള്ള പദ്ധതിക്കു തുടക്കമായി.
ആരോഗ്യ സംരക്ഷണ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ ഈ പദ്ധതിക്ക് തിരുവനന്തപുരം റീജന്‍സി ടവറില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ ഷൈലജ, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തുടക്കം കുറിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും സി.സി.ഡി.എച്ച് പരിശോധനയ്ക്കു വിധേയരാക്കും. ഇതിലൂടെ കുട്ടികളിലെ ഹൃദ്‌രോഗം കണ്ടെത്താനും ശിശു മരണ നിരക്കിനുള്ള സാധ്യത കുറക്കാനും കഴിയും.
സി.സി.എച്ച്.ഡി സ്‌ക്രീനിങ്ങിനെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുവാന്‍ സ്വീഡനില്‍ നിന്ന് ഇന്ത്യയിലെത്തിയ സ്‌പെഷലൈസ്ഡ് ബയോമെഡിക്കല്‍ ശാസ്ത്രജ്ഞ ഡോ. ആനി ഗ്രാനെലി, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ആരോഗ്യ നിരീക്ഷണ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള മുന്‍നിരക്കാരായ മാസിമോ ആണ് ഈ നീക്കത്തിനു സാങ്കേതിക പിന്തുണ നല്‍കുന്നത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ കണ്ടെത്തലുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഓരോ വര്‍ഷവും രാജ്യത്ത് ഹൃദ്‌രോഗത്തോടെ ജനിക്കുന്നത്.
കൃത്യ സമയത്തുള്ള പരിശോധനകളിലൂടെ ഇതു കണ്ടെത്താനാവുന്നതാണ്. നിലവില്‍ ദേഹ പരിശോധന, ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌ക്കാനിങ് എന്നിവയിലൂടെയോ ഇവ രണ്ടും പ്രയോജനപ്പെടുത്തിയോ ആണ് ഇതു കണ്ടെത്തുന്നത്. 72 ശതമാനത്തോളം കേസുകള്‍ ഇങ്ങനെ കണ്ടെത്താനാവും.
പരിശോധനയ്ക്കുള്ള കൂടുതല്‍ സംവിധാനങ്ങളും രീതികളും ഏര്‍പ്പെടുത്തിയാല്‍ ഇതു കണ്ടെത്തുന്നതിന്റെ നിരക്ക് 92 ശതമാനം വരെ ഉയര്‍ത്താനാവും എന്ന് വിവിധ ക്ലിനിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് 52,000 കുട്ടികളെ രക്ഷിക്കാന്‍ ഇതിലൂടെ കഴിയും.
നവജാത ശിശുക്കളുടെ മരണത്തിനിടയാകുന്ന മുഖ്യ കാരണങ്ങളായി സി.എച്ച്.ഡി.യും സി.സി.എച്ച്.ഡി.യും തുടരുകയാണെന്ന് പദ്ധതിക്കു തുടക്കം കുറിച്ചു കൊണ്ടു സംസാരിച്ച മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."