എലത്തോട്ടത്തിലെ അപകടം വരുത്തിവച്ച ദുരന്തം
അടിമാലി: ബൈസണ്‍വലി ഇരുട്ടള നെല്ലിക്കാട് ജോണ്സണ് എസ്റ്റേറ്റില്‍ മരംവീണ് മൂന്ന് തൊഴിലാളി സ്ത്രീകള്‍ മരിക്കാനിടയായ സംഭവം വരുത്തിവച്ച ദുരന്തം. കാലവര്‍ഷം കനക്കുന്നതോടെ ഏലത്തോട്ടം തൊഴിലാളികളുടെ മനസില്‍ തീയാണ്. കുടുംബം പോറ്റാന്‍ കാറ്റും മഴയും വകവക്കാതെ തോട്ടത്തിലെത്തി പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ തോട്ടമുടമകളോ സര്‍ക്കാരോ പുല്ലുവില കല്പ്പികുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ഇന്നലത്തെ ദുരന്തം.
ഉണങ്ങി ദ്രവിച്ചു നിന്ന കാട്ടുപ്ലാവ് ഏത് നിമിഷവും നിലംപൊത്തുമെന്നറിയാവുന്ന തോട്ടമുടമ വെട്ടിമാറ്റുവാന്‍ തയ്യാറായില്ല. പല തവണ തൊഴിലാളികള്‍ തോട്ടമുടമയോട് അപകടത്തെ കുറിച്ച് സൂചന നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതാണ് കുടുംബം പോറ്റി ജിവിച്ചിരുന്ന മൂന്ന് വീട്ടമ്മമാരുടെ ദാരുണ മരണത്തിന് കാരണമായത്. മുന്‍കാലങ്ങളില്‍ എലത്തോട്ടങ്ങളില് മരച്ചില്ലകള്‍ വീണ് അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്നുണ്ടാവുന്ന കാറ്റില്‍ യാദൃശ്ചികമായി സംഭവിച്ചിട്ടുള്ള അവകടങ്ങളാണ്.
കാര്‍ഡമം ഹില്‍ റിസര്‍വ് മേഖലയില്‍ നിന്ന് മങ്ങള്‍ മുറിക്കുന്നതിന് വിലക്കുണ്ടങ്കിലും തോട്ടത്തിലെ ഏലം സ്റ്റോറുകളിലേക്ക് നിരവധി മരങ്ങള്‍ തോട്ടമുടമ മുറിച്ചെടുക്കുന്നത് പതിവാണ്.
ഇക്കാര്യത്തില്‍ വനംവകുപ്പ് അധികൃതരും പലപ്പോഴും മൗനം പാലിയ്ക്കുന്നു. ഏലത്തോട്ടങ്ങളിലും പാതയോരങ്ങളിലുമൊക്കെ പഴകിദ്രവിച്ച മരങ്ങള്‍ വെട്ടി നീക്കുണതിന് കാര്യക്ഷമമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ തോട്ടമുടമ തയ്യാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
തോട്ടംതൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും താല്കാലിക ജോലിക്കാരാണെന്നതിനാല് ഇവര്‍ യൂണിയനുകളില്‍ അംഗങ്ങളല്ല. അതിനാല്‍ ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരോ തോട്ടമുടമയോ തൊഴിലാളി യൂണിയനുകളോ ഇല്ലാത്തതിനാല്‍ ഇവരുടെ ദാരുണ മരണങ്ങള് താല്‍ക്കാലിക വികാര പ്രകടനങ്ങളില്‍ ഒതുങ്ങുന്നു.
ഇരുട്ടള നെല്ലിക്കട് തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (39),പൊട്ടന്‍കാട് ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്സി(44) എന്നിവരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."