HOME
DETAILS
MAL
ഐസൊലേഷന്‍ വാര്‍ഡില്‍ ചുറ്റുന്ന പൂച്ചയുടെ റൂട്ട് മാപ്പും വേണ്ടി വരുമോ?
backup
March 27 2020 | 18:03 PM
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ അടിക്കടി ചുറ്റിക്കറങ്ങുന്ന പൂച്ചയെ ഭയന്നു രോഗികള്‍. ജില്ലയില്‍ കൊവിഡ് കണ്‍ട്രോള്‍ ആശുപത്രിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മറ്റും ഇടയ്ക്കിടെ ചുറ്റിക്കറങ്ങുന്ന പൂച്ച കൊവിഡ് -19 രോഗം മറ്റുള്ളവരിലേക്കും പകര്‍ത്തുമോ എന്ന ആശങ്കയിലാണ് നിരീക്ഷണത്തിലുള്ളവരും മറ്റുരോഗികളും.
നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുന്നവരോടുപോലും വൃത്തിയുള്ള മുറിയില്‍ ഇരിക്കണമെന്നും വായു സഞ്ചാരം ഉള്‍പ്പടെ ഉറപ്പാക്കണമെന്നും നൂറുവട്ടം പറയുന്ന ആരോഗ്യ വകുപ്പും ജില്ലാ ഭരണാധികാരികളും, ജനറല്‍ ആശുപത്രിയിലെ പൂച്ചയുടെയും,പ്രാണികളുടെയും വിളയാട്ടം ഇല്ലാതാക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയ ജില്ലയില്‍ ആതുരാലയങ്ങളില്‍ പോലും ഇതുവരെ സുരക്ഷിതമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
അതേസമയം ആശുപത്രിയില്‍ കറങ്ങുന്ന പൂച്ച ഐസൊലേഷന്‍ വാര്‍ഡിനുപുറമെ ഇതര വാര്‍ഡുകളിലും കയറിയിറങ്ങുന്നത് ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റുരോഗികള്‍ക്കിടയിലും ആശങ്കയുളവാക്കിയിട്ടുണ്ട്.
പ്രസവ സംബന്ധമായ ചികിത്സക്ക് വേണ്ടി ആശുപത്രിയിലുള്ള സ്ത്രീകളേയും ചികിത്സയില്‍ കഴിയുന്ന കുട്ടികളേയുംമറ്റും ജില്ലാ സഹകരണ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ എടുത്തുവരുന്നതിനിടയിലാണ് ആശുപത്രിയിലെയും പരിസര പ്രദേശത്തെയും കുപ്പത്തൊട്ടികളില്‍ ഉള്‍പ്പടെ സഞ്ചരിക്കുന്ന പൂച്ച ഐസൊലേഷന്‍ വാര്‍ഡിലെ ബെഡുകളിലും മറ്റും സവാരി നടത്തുന്നത്. കൊവിഡ് ബാധ ഇനിയും കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഇനി പൂച്ചയുടെ റൂട്ട് മാപ്പും അധികൃതര്‍ക്ക് തയാറാക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."