നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ് മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് പിടിയില്‍
നെടുമ്പാശ്ശേരി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് സി.ബി.ഐയുടെ കസ്റ്റഡിയിലായി. അബുദാബിയില്‍ നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാള്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലാകുകയായിരുന്നു.
ഉതുപ്പ് വര്‍ഗ്ഗീസിനെ പിന്നീട് സി.ബി.ഐക്ക് കൈമാറി. ഇയാള്‍ക്കെതിരെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുവൈത്തിലേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ മൂന്നാം പ്രതിയാണ് ഉതുപ്പ്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി വിദേശത്ത് കഴിയുകയായിരുന്നു.
അല്‍ സറാഫാ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഉതുപ്പ് വര്‍ഗീസ് കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് 300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നിയമപ്രകാരം റിക്രൂട്ട്‌മെന്റ് സേവന ഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപ വീതമാണ് അല്‍ സറഫാ ഏജന്‍സി നിയമനത്തിനായി വാങ്ങിച്ചിരുന്നത്. ഇത്തരത്തില്‍ 1291 പേരെ ഏജന്‍സി റിക്രൂട്ട് ചെയ്തതില്‍ 1200 പേര്‍ കുവൈറ്റിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. പക്ഷെ നഴ്‌സുമാരില്‍ ആരും കുവൈത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ കുവൈത്തില്‍ ഇയാള്‍ക്കെതിരെ കേസൊന്നുമില്ല. തട്ടിപ്പിന് കൂട്ടുനിന്നുവെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസിനെയും സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സംസ്ഥാന പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
ഉതുപ്പ് പിടിയിലായതോടെ അസോള്‍ഫിന്റെ പങ്കിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ സമാഹരിച്ച പണം മുഴുവന്‍ ഹവാലയായാണ് കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉതുപ്പിനെ പിടികൂടാന്‍ സി.ബി.ഐ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും എംബസികള്‍ക്ക് വിവരം നല്‍കുകയും ചെയ്തതോടെ കുരുക്ക് മുറുകുകയാണെന്ന് തിരിച്ചറിഞ്ഞ ഉതുപ്പ് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."