കര്‍ണാടകയുടെ നിലപാടില്‍ മാറ്റം: ചരക്കുനീക്കത്തിനായി മൂന്ന് വഴികള്‍ മാത്രം തുറന്നുകൊടുക്കും
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നിലപാടില്‍ മാറ്റം. അതിര്‍ത്തികള്‍ കര്‍ണാടക തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുനല്‍കി. കര്‍ണാടക-കേരള അതിര്‍ത്തി അടച്ചത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു.
അതിര്‍ത്തിയില്‍ മണ്ണിട്ടാണ് റോഡ് അടച്ചിട്ടത്. കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാനാണ് കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്.
മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറന്നുകൊടുക്കുക.അതേസമയം, വിരാജ്പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനുശേഷമാണ് കര്‍ണാടക മുഖ്യമന്ത്രി യോഗം ചേര്‍ന്നത്. വിരാജ്‌പെട്ട് - മാക്കൂട്ടം വഴിയുള്ള കണ്ണൂര്‍ റോഡ് തുറക്കണമെന്ന കത്തിലെ ആവശ്യം പക്ഷേ കര്‍ണാടക പരിഗണിച്ചിട്ടില്ല. അതിര്‍ത്തി തുറന്നുകൊടുക്കുന്നതില്‍ എം.എല്‍.എമാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."