ദ്വിരാഷ്ട്ര പരിഹാരത്തിന് ഊന്നല്‍ നല്‍കി അറബ് ഉച്ചകോടിക്കു തുടക്കം
ജിദ്ദ: അറബ് ലീഗിന്റെ ഇരുപത്തിയെട്ടാമത് ഉച്ചകോടിക്ക് ജോര്‍ദാനിലെ ചാവുകടലിന് സമീപത്തെ പ്രദേശത്ത് തുടക്കമായി. 27ാം ഉച്ചകോടിക്ക് നേതൃത്വം നല്‍കിയ മോറിത്താനിയന്‍ പ്രസിഡന്റ് മുഹമ്മദ് വലദ് അബ്ദുല്‍ അസീസില്‍ നിന്നും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ അടുത്ത ഘട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ മിഡിലീസ്റ്റില്‍ സമാധാനം സാക്ഷാല്‍കരിക്കാനാവില്ലെന്ന് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. സമാധാന സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇസ്രേയല്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്ജിദുല്‍ അഖ്‌സയെയും അതിന്റെ വിശുദ്ധ ഹറമിനെയും സമയത്തിന്റെയും സ്ഥലങ്ങളുടെയും അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നത് തുടരുമെന്നും ജോര്‍ദാന്‍ രാജാവ് പ്രഖ്യാപിച്ചു. മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ മുന്‍പന്തിയിലുള്ളത് തീവ്രവാദവും ഭീകരവാദവുമാണെന്നും മറ്റുള്ളവരേക്കാളെല്ലാം മുസ്‌ലിംകളെയാണ് അത് കൊല്ലുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാഖില്‍ മുഴുവന്‍ കക്ഷികളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ അനുരഞ്ജനത്തിന് മുന്നോടിയായി ഇറാഖ് ഭരണകൂടം 'ഭീകരത'ക്കെതിരെ നടത്തുന്ന പോരാട്ടത്തെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രദേശത്ത് സുസ്ഥിരതയും സമാധാനവും സ്ഥാപിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കലാണെന്ന് മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ സംസാരിച്ച മോറിത്താനിയന്‍ പ്രസിഡന്റ് മുഹമ്മദ് വലദും അഭിപ്രായപ്പെട്ടു. എല്ലാത്തരം വൈദേശിക ഇടപെടലുകളെയും അറബ് സമൂഹം നിശ്ചദാര്‍ഢ്യത്തോടെ നേരിടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."