എ.കെ ശശീന്ദ്രന്റെ രാജി മാധ്യമ നൈതികതയുടെ പ്രശ്‌നങ്ങളെ കാണാതെ പോവരുത്: സാംസ്‌കാരിക നായകന്മാര്‍
കോഴിക്കോട്: എ.കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമ നൈതികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങളെ കാണാതെ പോവരുതെന്ന് സാംസ്‌കാരിക നായകന്മാര്‍. എ.കെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി നടത്തിയ സ്വകാര്യ സംഭാഷണം മന്ത്രിയുടേതെന്നു പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് ഒരു ടി.വി ചാനല്‍ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയില്‍ കലാശിച്ചിരിക്കുകയാണ്.
മന്ത്രിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മറ്റേതൊരു രാഷ്ട്രീയ വിവാദത്തെയും പോലെ ഇതും കെട്ടടങ്ങാനാണ് സാധ്യത. ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമ നൈതികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നങ്ങളോടുള്ള നിരുത്തരവാദപരമായ സമീപനമാകുമെന്നും ഈ പ്രശ്‌നം നിശിതമായ വിലയിരുത്തലിനും കര്‍ക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് ഒരു സംഘം എഴുത്തുകാരും സാംസ്‌കാരിക നേതാക്കളും ആവശ്യപ്പെട്ടു.
മുന്‍മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനല്‍ പറയുന്നില്ല. ഉഭയസമ്മതപ്രകാരം നടന്നതെന്നു കരുതേണ്ട ഒരു ടെലഫോണ്‍ സംഭാഷണമാണിതെന്നതിന്റെ സൂചനകള്‍ ഉണ്ടുതാനും. അങ്ങനെയെങ്കില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്നു എന്നു പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാല്‍പര്യമെന്താണ്? അധികാര സ്ഥാനത്തിരിക്കുന്നവരെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുന്നതിന് തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
പ്രാകൃതമായ സദാചാര പൊലിസ് മന:ശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപല്‍ക്കരമാണൈന്നും ടി.ജെ.എസ് ജോര്‍ജ്, ബി.ആര്‍.പി ഭാസ്‌കര്‍, ടി.വി.ആര്‍ ഷേണായ്, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ് ബാബു, എം.കെ സാനു, എം.ജി.എസ് നാരായണന്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, സാറാ ജോസഫ്, പി.കെ അഷിത, ഗ്രേസി, അനിത തമ്പി, റോസ മേരി, പ്രിയ എ.എസ്, കെ.ആര്‍ മീര, ശ്രീബാല കെ. മോനോന്‍, മാലാ പാര്‍വതി, ആനന്ദ, സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, സക്കറിയ, എന്‍.എസ് മാധവന്‍, സി. രാധാകൃഷ്ണന്‍, ബി. രാജീവന്‍, എം.എന്‍ കാരശ്ശേരി, സി.വി ബാലകൃഷ്ണന്‍, സുനില്‍ പി ഇളയിടം, സെബാസ്റ്റ്യന്‍ പോള്‍, സി. ഗൗരിദാസന്‍ നായര്‍, എന്‍.പി രാജേന്ദ്രന്‍, കെ. വേണു, ആശാ മേനോന്‍ സന്തോഷ് എച്ചിക്കാനം, ആര്‍. ഉണ്ണി, ശത്രുഘ്‌നന്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."