കുരുന്നുകള്‍ക്ക് ഭീഷണിയായി നിരോധിത പ്ലാസ്റ്റിക്
പാലക്കാട്: സജീവമായ സ്‌കൂള്‍ വിപണിയില്‍ കുരുന്നുകള്‍ക്ക് ഭീഷണിയായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്. അവധിക്കാലത്തിന്റെ ആര്‍പ്പുവിളികള്‍ക്ക് വിരാമമിട്ട് പ്രവേശനോത്സവത്തിന്റെ ആരവങ്ങളുയര്‍ത്തി ഓരോ കുഞ്ഞുങ്ങളും ഇന്ന് വിദ്യാലയമുറ്റത്തെത്തുകയാണ്. തങ്ങളുടെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഏറ്റിപിടിച്ചാണ് ഓരോരുത്തരുടെയും വരവ്. എന്നാല്‍ അച്ഛനമ്മമാര്‍ വാങ്ങി നല്‍കിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തിലെത്തിയ പ്‌ളാസ്‌ററിക്ക് ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും മറ്റും തങ്ങളുടെ വില്ലന്‍മാരാണെന്ന് അവരറിയുന്നില്ല.
വ്യാപകമായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കൊണ്ടാണ് സ്‌കൂള്‍ വിപണിയിലെ മിക്ക വസ്തുക്കളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇവ തീര്‍ത്തും ആരോഗ്യത്തിന് ഹാനികരമായവയുമാണ്. മാരക അസുഖങ്ങളിലേക്ക് നയിക്കുന്ന ഇവയ്ക്കു മുന്നില്‍ മുതിര്‍ന്നവര്‍ക്ക് തന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കുട്ടികളെ അവ ബാധിക്കുന്നത് ഏറെ ഗുരുതരമായിട്ടായിരിക്കും. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ ഇതൊക്ക അറിഞ്ഞിട്ടും നിശബ്ദരായിരിക്കുകയാണ്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നും പുനരുല്‍പാദനം നടത്തിയാണ് സ്‌കൂള്‍ വിപണിയിലേക്ക് പല വസ്തുക്കളും എത്തിയിരിക്കുന്നത്. ഇവ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്നത് തടയാന്‍ അധികൃതര്‍ വളരെയധികം പണിപ്പെടുമ്പോള്‍ കുഞ്ഞുമക്കള്‍ക്കിടയില്‍ ഉപയോഗപ്രദമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണ്.
അമ്മമാര്‍ മക്കളുടെ ആരോഗ്യസംരക്ഷണത്തിനായി ചൂടോടെ ഭക്ഷണവും വെള്ളവും കൊടുത്തു വിടുമ്പോള്‍ ,അതേ ഭക്ഷണം മക്കളുടെ ശരീരത്തെ ഒരു രോഗകലവറയാക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഗുണമേന്മ ഇല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ ചൂടോടെ ഭക്ഷണമാക്കമ്പോള്‍, ആ ചൂട് അവയുടെ ഉരുകലിന് വിധേയമായി രാസവസ്തുക്കള്‍ പുറംതള്ളുകയും ഇത് ഭക്ഷണത്തില്‍ കലരുകയും ചെയ്യുന്നു.
ഇത് അല്‍പ്പാല്‍പ്പമായി ശരീരത്തെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ സ്‌കൂള്‍ വിപണിയില്‍ ഒട്ടും ഗുണമേന്മ ഇല്ലാത്ത ബോട്ടിലുകളും ഫുഡ് കണ്ടെയ്‌നറുകളുമാണ് കുഞ്ഞുങ്ങളെ കെണിയിലാക്കാന്‍ എത്തിയിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."