അണിഞ്ഞൊരുങ്ങി ചരിത്രസ്മാരകം
കണ്ണൂര്‍: പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന ചരിത്രസ്മാരകമായ പീരങ്കി പ്രൗഡിയോടെ പുതുപുത്തനാക്കി കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ പൊലിസുകാര്‍. എ.ആര്‍ ക്യാംപിലുണ്ടായിരുന്ന പഴയ പീരങ്കിയാണ് പുനര്‍നിര്‍മിച്ചത്. ഇതിന് പശ്ചാത്തലമായി ജില്ലയിലെ ചരിത്രസ്മാരകങ്ങളിലൊന്നായ തലശ്ശേരി കോട്ടയുടെ പ്രവേശനകവാടവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം പീരങ്കിയും പ്രവേശനകവാടവും അനാവരണം ചെയ്തു. എ.ആര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ടി.കെ സാഗുല്‍ പങ്കെടുത്തു.
1849ല്‍ ബ്രിട്ടീഷുകാര്‍ വെടിവയ്പ് പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പീരങ്കിയുടെ ഇരുമ്പുരുക്കിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമായിരുന്നു എ.ആര്‍ ക്യാംപില്‍ ബാക്കിയുണ്ടായിരുന്നത്. ഇതുപയോഗിച്ച് നാലുമാസത്തെ പ്രയത്‌നത്തിലൂടെയാണ് എസ്.ഐ സുരേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിശാന്ത്, ജിജീഷ് എന്നിവര്‍ ഈ അപൂര്‍വ സ്മാരകം പുനര്‍നിര്‍മിച്ചത്. സുരേഷ് ഇന്നലെ വിരമിക്കുന്നതിനു മുമ്പേ സ്മാരകം ഉദ്ഘാടനം ചെയ്യണമെന്ന സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധമാണ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
കോട്ട നിര്‍മാണത്തിനാവശ്യമായ വെട്ടുകല്ലുകള്‍ പഴയ കെട്ടിടം പൊളിച്ചതില്‍നിന്നു ശേഖരിച്ച് ചെത്തിമിനുക്കി ഉപയോഗിക്കുകയായിരുന്നു. സിമന്റ് കൊണ്ട് കോട്ടയുടെ ചുമരുകള്‍ മുഴുവന്‍ പ്ലാസ്റ്റര്‍ ചെയ്ത് കല്ലിന്റെ രൂപത്തില്‍ ഡിസൈന്‍ വര്‍ക്കുകള്‍ നടത്തി. കോട്ട കാവല്‍ക്കാരായി ആയുധമേന്തിയ രണ്ട് രൂപങ്ങളെയും കവാടത്തില്‍ മനോഹരമായി പണിതീര്‍ത്തിട്ടുണ്ട്. നിര്‍മാണത്തിനാവശ്യമായ പണം പൊലിസ് ഫണ്ടില്‍ നിന്നാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."