മുസ്‌ലിം വ്യക്തിനിയമം: ഭരണഘടനാ ബെഞ്ച് വേനലവധിക്ക് വാദംകേള്‍ക്കും
ന്യൂഡല്‍ഹി: മുത്വലാഖ്, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങിയ മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് വിശദമായി പരിശോധിക്കും. കേസില്‍ ഇരുഭാഗത്തുമുള്ളവരുടെ വാദങ്ങള്‍ കേട്ട സുപ്രിംകോടതി, വിഷയം അതീവഗൗരവമുള്ളതും ഭരണഘടനയുമായി ബന്ധപ്പെട്ടതായതിനാലും ഭരണഘടനാ ബെഞ്ചിനു വിടുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രഹുഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വേനലവധി തുടങ്ങുന്ന മേയ് 11നു കേസില്‍ വാദംകേള്‍ക്കല്‍ തുടങ്ങും. കേസ് പരിഗണിക്കുന്ന ബെഞ്ചിനെ ചീഫ്ജസ്റ്റിസ് തന്നെ പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ സുപ്രിംകോടതിയുടെ വേനലവധി മേയ് 11 മുതല്‍ ജൂലൈ മൂന്നുവരെയാണ്.
കേസ് കഴിഞ്ഞമാസം പരിഗണിക്കുന്നതിനിടെ തന്നെ ഭരണഘടനാ ബെഞ്ചിനു വിടുമെന്നു കോടതി സൂചന നല്‍കിയിരുന്നു. അതിനാല്‍ ഇന്നലെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഭരണഘടനാ ബെഞ്ചിനു വിടണോ വേണ്ടയോ എന്നതിനു പകരം കേസ് അവധിക്കാല ബെഞ്ച് പരിഗണിക്കണോ വേണ്ടയോ എന്നാണു ചര്‍ച്ചയായത്. അവധിക്കാല ബെഞ്ചില്‍ വരാന്‍ തയാറാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ അവധിക്കാലത്തും കോടതിയിലുണ്ടായിരുന്നു. അതിനാല്‍ ഈ അവധിക്കാലത്ത് നിങ്ങളുടെ കേസ് പരിഗണിക്കാന്‍ തയാറാണെന്ന് അറിയിക്കുന്നു. നിങ്ങള്‍ക്കു താല്‍പ്പര്യമില്ലെങ്കില്‍ എനിക്കും സന്തോഷം, കാരണം അവധിക്കാലം ആഘോഷിക്കാമല്ലോ- ചീഫ്ജസ്റ്റിസ് ഇരുകക്ഷികളുടെയും അഭിഭാഷകരോടു പറഞ്ഞു. ഇതോടെ ഇരുകക്ഷികളും കേസ് അവധിക്കാലത്തു പരിഗണിക്കാന്‍ തയാറാണെന്ന് അറിയിച്ചു. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നിങ്ങളാണെന്നു കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍(എ.ജി) മുകുള്‍ രോഹ്ഗതിയെ ചൂണ്ടി ചീഫ് ജസ്റ്റിസ് പറഞ്ഞു.
വേനലവധിക്കു പരിഗണിക്കാനിരിക്കുന്ന മറ്റു രണ്ടു കേസില്‍ ഹാജരാവാനുള്ളതിനാല്‍ തിരക്കായിരിക്കുമെന്ന് ഇതിന് എ.ജി മറുപടി നല്‍കി. അങ്ങനെയാണെങ്കില്‍ ഈ കേസ് ഇനിയും വര്‍ഷങ്ങള്‍ നീളുമെന്നും ഈ സാഹര്യത്തില്‍ കേസ് വൈകുന്നതിനെ ജുഡീഷ്യറിയെ കുറ്റപ്പെടുത്തരുതെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇക്കാര്യത്തിലുള്ള എ.ജിയുടെ അതൃപ്തി വകവയ്ക്കാതെ അവധിക്കാലത്ത് തന്നെ പരിഗണിക്കുമെന്ന് അറിയിച്ച ചീഫ്ജസ്റ്റിസ്, കഴിഞ്ഞ രണ്ടുവര്‍ഷമായി അവധിക്കാലത്തു മുഴുവന്‍ താന്‍ കോടതിയിലായിരുന്നുവെന്നും വ്യക്തമാക്കി.
പൗരന്‍മാര്‍ക്ക് അവരവരുടെ വിശ്വാസമനുസരിച്ചു ജീവിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനയിലെ 25(1) വകുപ്പിനാല്‍ സംരക്ഷിതമാണോ വ്യക്തിനിയമം, മതവിശ്വാസസ്വാതന്ത്ര്യം അനുവദിക്കുന്ന വകുപ്പും ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ പറയുന്ന 14, 21 വകുപ്പും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നുണ്ടോ, വ്യക്തിനിയമം അനുസരിച്ചു ജീവിക്കുന്നത് പൗരന്റെ മൗലികാവകാശത്തില്‍ പെട്ടതാണോ, മുസ്‌ലിം വ്യക്തിനിയമം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാവും ഭരണഘടനാ ബെഞ്ച് പരിശോധിക്കുക.
മുസ്‌ലിംവ്യക്തിനിയമവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് സുപ്രിം കോടതി മുന്‍പാകെയുള്ളത്. ഈ കേസുകളെല്ലാം ഒന്നിച്ചാവും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. സ്ത്രീകളും വനിതാ സംഘടനകളും നല്‍കിയ കേസില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദും കക്ഷിചേര്‍ന്നിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇതിനു പുറമെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."