HOME
DETAILS
MAL
നാട്ടിലേക്ക് ബസുണ്ടെന്ന് വ്യാജ പ്രചാരണം; അതിഥി തൊഴിലാളികളില്‍ കൂട്ടത്തോടെ തയാറെടുപ്പ്
backup
March 30 2020 | 03:03 AM
കോഴിക്കോട്: ഡല്‍ഹിയില്‍നിന്നു കൂട്ടപ്പലായനം നടത്തുന്ന തൊഴിലാളികളെ കൊണ്ടു പോകാന്‍ യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥ് ബസുകള്‍ ഏര്‍പ്പെടുത്തിയെന്ന പ്രഖ്യാപനം പോലെ കേരളത്തിലും സൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജ പ്രചാരണം. ഇതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ മേസ്തിരിമാരെയും തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളെയും നിരന്തരം ബന്ധപ്പെട്ടു തുടങ്ങി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിലുള്ളതെങ്കിലും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിച്ച് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രതയിലാണെങ്കിലും ജോലിയില്ലാതെ വിവിധ സങ്കേതങ്ങളില്‍ കഴിയുന്ന ഇവര്‍ ഏതെങ്കിലും തരത്തില്‍ സ്വന്തം നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുകയാണ്.
യു.പി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ബസ് ഏര്‍പ്പെടുത്തിയെന്ന പ്രചാരണം വന്നതോടെ ആയിരക്കണക്കിന് ആളുകളാണ് അവിടെ തെരുവില്‍ ഇറങ്ങിയത്. കൊവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍. ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികളാണ് തങ്ങളുടെ ദുരിതങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കുടുംബങ്ങളോടൊപ്പം തെരുവിലെത്തിയത്.
എന്നാല്‍ ഇവരെയെല്ലാം കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ എത്തിയതുമില്ല. ഇവിടങ്ങളില്‍നിന്നു വിവരം ലഭിച്ചതോടെയാണ് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഇത്തരം വാര്‍ത്തകള്‍ പരന്നത്.
യു.പിക്ക് അടുത്ത സംസ്ഥാനമായ ഡല്‍ഹിയിലേക്കാണ് ബസ് അയച്ചതെന്നും അതില്‍ തന്നെ കുറഞ്ഞ ബസുകളേ അയച്ചിട്ടുള്ളൂവെന്നും കേരളം പോലെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരേയുള്ള ഇവിടേക്ക് ബസ് അയക്കില്ലെന്നുമൊക്കെയുള്ള സന്ദേശം ഹിന്ദിയില്‍ എഴുതി ഇവര്‍ക്കെല്ലാം അയയ്ക്കുകയാണ് ചില ഉടമകള്‍.
പല കെട്ടിടങ്ങളിലും സമൂഹമായി ജീവിക്കുന്ന അതിഥി തൊഴിലാളികള്‍ തൊഴിലില്ലാതാവുകയും പുറത്തിറങ്ങാന്‍ പറ്റാതാവുകയും ചെയ്തതോടെ കടുത്ത മാനസിക, ശാരീരിക പിരിമുറുക്കത്തിലാണുള്ളത്.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ റെയില്‍ പാളം വഴിയും മറ്റും കാല്‍ നടയായി നാട്ടിലേക്ക് പുറപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."