നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിന് എം.എല്‍.എ പ്രഖ്യാപിച്ച ഒരു കോടി മൂന്ന് വര്‍ഷമായിട്ടും നല്‍കിയില്ല
വാടാനപ്പള്ളി: നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിന് ഗീതഗോപി പ്രഖ്യാപിച്ച ഒരു കോടി മൂന്ന് വര്‍ഷമായിട്ടും നല്‍കിയില്ല. ദേശിയ മീറ്റുകളടക്കമുള്ള കായിക മത്സരങ്ങളില്‍ നിരവധി സ്വര്‍ണമെഡലുകള്‍ വാരികൂട്ടിയ കായിക താരങ്ങള്‍ പരിശീലനം നടത്തുന്നത് കുണ്ടും കുഴിയും നിറഞ്ഞ മൈതാനത്ത്. പരിശീലനത്തിന് അനുയോജ്യമായ സ്ഥലമില്ലാത്തത് നേരിട്ട് മനസിലാക്കിയിട്ടും എം.എല്‍.എ അനുകൂലമായ നടപടികള്‍ കൈകൊള്ളുന്നില്ലന്ന് നാട്ടികയിലെ പൊതു പ്രവര്‍ത്തകരും നാട്ടുകാരും പരാതിപെടുന്നു. 2014ല്‍ നടന്ന ദേശിയ സ്‌കൂള്‍മീറ്റില്‍ വ്യക്തിഗത ചാമ്പ്യനായ പി.ഡി അഞ്ചലിയെ അനുമോദിക്കാന്‍ നാട്ടിക ഗവ: ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പൊതു പരിപാടിയില്‍ വെച്ചാണ് ഗീതാഗോപി എം.എല്‍.എ സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനായി ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഫിഷറീസ് ഡിപ്പാട്ട്‌മെന്റിന്റെ അനുമതി ലഭിക്കാനുള്ള താമസമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ വൈകുന്നതെന്നാണ് നേരത്തെ എം.എല്‍.എ പറഞ്ഞിരുന്നതെന്നും എന്നാല്‍ ടെക്‌നിക്കല്‍ അനുമതി ലഭ്യമായിട്ടും ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാത്തത് കായിക താരങ്ങളോട് കാണിക്കുന്ന അവഹേളനമാണന്നും നാട്ടിക സ്‌പോട്‌സ് അക്കാദമി ചെയര്‍മാന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി നേരത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കെട്ടു കഥകളായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ട് പോയാണ് ദിവസവും കുട്ടികളെ പരിശീലിപ്പിക്കുന്നത്. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് തന്നെ മാസം തോറും പതിനാലായിരം രൂപ വാടകയിനത്തില്‍ കൊടുക്കണം. പരിശീലനത്തിന് പോകാന്‍ സ്വന്തമായൊരു വാഹനം വേണമെന്ന് എം.എല്‍.എയോടും ജില്ലാ പഞ്ചായത്തിനോടും പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായന്നും സ്‌പോട്‌സ് അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. മഴവെള്ളം ഒഴുകി പോകുന്നതിന് ഗ്രൗണ്ടിന് ചുറ്റും കാന നിര്‍മിച്ച് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും മൈതാനം ലെവല്‍ ചെയ്ത് 200 മീറ്റര്‍ നീളമുള്ള ട്രാക്കും നിര്‍മിച്ചാല്‍ നാട്ടികയിലെ ഗ്രൗണ്ടില്‍ തന്നെ പരിശീലനം നടത്തുവാന്‍ കഴിയുമെന്ന് കായിക താരങ്ങള്‍ പറഞ്ഞു. ഓരോ മത്സരങ്ങള്‍ക്കും കായിക താരങ്ങളെ പറഞ്ഞയക്കണമെങ്കില്‍ പി.ടി.എ കമ്മിറ്റിയും നാട്ടികയിലെ സ്‌പോര്‍ട്‌സ് അക്കാദമിയും സഹായമഭ്യര്‍ഥിച്ച് നാട്ടുകാരുടെ ഇടയിലേക്കിറങ്ങേണ്ട അവസ്ഥയാണ്. ഒരു കായിക താരത്തിന് ഒരു വര്‍ഷം 50000 രൂപയോളം ചിലവഴിക്കേണ്ടി വരുമെന്നും മീറ്റുകളില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്കുള്ള ഭക്ഷണംപോലും നല്‍കുന്നത് നാട്ടുകാരും സ്ഥാപനങ്ങളുമാണന്നും എം.എല്‍.എയുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഇത് വരെ ഉണ്ടായിട്ടില്ലന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അനില്‍പുളിക്കല്‍ പറഞ്ഞു. നാട്ടുകാരുടേയും മറ്റും സഹായം കൊണ്ട് 10 ലക്ഷം രൂപ മുതല്‍ മുടക്കി വാങ്ങിയ സ്‌പൈക്കും ഷൂസുകളും സൂക്ഷിക്കുന്നത് സ്‌കൂള്‍ കെട്ടിടത്തിലെ കോണി മുറിയിലാണ്. പകല്‍സമയത്ത് തുറന്ന് കിടക്കുന്ന കോണി മുറിയില്‍ നിന്നും ഇവ കാണാതാവുന്നത് നിത്യ സംഭവമാണന്നും കുട്ടികള്‍ പറഞ്ഞു. സ്‌പോട്‌സ് ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ ചെറിയൊരു മുറിയെങ്കിലും നിര്‍മിച്ച് നല്‍കാന്‍ നിരവധി തവണ ജില്ലാ പഞ്ചായത്തിനോട് ആവശ്യപെട്ടിട്ടും ഫലമുണ്ടായില്ലന്ന് നാട്ടുകാരും പറയുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ പരിശീലനം നടത്തിയാണ് നാട്ടികയിലെ ഈ മിന്നും താരങ്ങള്‍ സിന്തറ്റിക്ക് ട്രാക്കുകളിലടക്കം പരിശീലനം നേടിയെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങളോട് മത്സരിച്ച് സ്വര്‍ണമെഡലുകള്‍ വാരി കൂട്ടുന്നത്. മികച്ച രീതിയില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന നാട്ടിക സ്‌പോട്‌സ് അക്കാദമിയെ സഹായിക്കാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും തയ്യാറാകണമെന്നും പൊതു വേദിയില്‍ വെച്ച് പ്രഖ്യാപിച്ച് ഒരു കോടി രൂപ എത്രയും വേഗം അനുവദിക്കാന്‍ എം.എല്‍.എ തയ്യാറാകണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."