HOME
DETAILS
MAL
മരുന്നും ഭക്ഷണവുമില്ലാതെ 20 മലയാളി യുവാക്കള്‍ മഹാരാഷ്ട്രയില്‍
backup
March 30 2020 | 06:03 AM
വടക്കാഞ്ചേരി: രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടതോടെ മഹാരാഷ്ട്രയിലെ ധുലെയില്‍ അപ്പാര്‍ട്ട്‌മെന്‍്‌റില്‍ കുടുങ്ങി 20 മലയാളി യുവാക്കള്‍.
ഒരു കമ്പനിയിലെ മാര്‍ക്കറ്റിങ് ട്രെയിനികളായ യുവാക്കളാണ് ശരിയായ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ 27 ദിവസമായി ധുലെയിലെ നവജീവന്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്‍്‌റില്‍ കഴിയുന്നത്. യുവാക്കളില്‍ ഒരാളായ വടക്കാഞ്ചേരി അത്താണി സ്വദേശി രണ്ടിയാനിക്കല്‍ ബാലചന്ദ്രന്റെ മകന്‍ വിഷ്ണു വീട്ടിലേക്ക് വിളിച്ച് ദയനീയാവസ്ഥ അറിയിച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്.കമ്പനി അടച്ചിട്ടതിനാല്‍ ഇവരുടെ മെസും പ്രവര്‍ത്തിക്കുന്നില്ല. മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ വല്ലപ്പോഴും തുറന്നാല്‍ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയാണ്. പുറത്തിറങ്ങി ആരോടെങ്കിലും സഹായമഭ്യര്‍ഥിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ ആക്രമിക്കുമോ എന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്. കമ്പനി അധികൃതര്‍ നല്‍കിയ ഭക്ഷണമൊക്കെ തീര്‍ന്നിട്ട് ദിവസങ്ങളായി. അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്നുമില്ല. ഇതിനിടയില്‍ നാല് പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇവരെ മറ്റൊരു ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരുന്ന് നല്‍കാന്‍ കഴിയാത്തതിനാല്‍ ആരോഗ്യ നില വഷളാകുന്നുണ്ട്. കണ്ണൂരില്‍ നിന്നും പാലക്കാടു നിന്നുമുള്ള ഒരോരുത്തര്‍, വയനാട്ടില്‍ നിന്നും മലപ്പുറത്തു നിന്നുമുള്ള മൂന്ന് പേര്‍ വീതം, തൃശൂരില്‍ നിന്നുള്ള ആറു പേര്‍ എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ രണ്ടു പേര്‍ വീതമാണ് സംഘത്തിലുള്ളത്. ആദ്യമൊക്കെ ഇവര്‍ വീട്ടുകാരെ പോലും വിവരമറിയിച്ചില്ല. അവസ്ഥ ഇത്രയധികം ഭീകരമാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് യുവാക്കള്‍ പറയുന്നത്.
മകന്റെ ദുരിതമറിഞ്ഞതിനെ തുടര്‍ന്ന് ബാലചന്ദ്രന്‍ തദ്ദേശ മന്ത്രി എ.സി. മൊയ്തീനെ നേരില്‍ കണ്ട് നിവേദനം നല്‍കി. തന്റെ മകനടക്കം 20 പേരേയും രക്ഷിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി സര്‍ക്കാര്‍ തല ഇടപെടലുകളും ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഇരുപത് കുടുംബങ്ങളുടേയും ഏക പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."