കഞ്ചാവ് ചെടികള്‍ കണ്ടെത്തി
പൊന്നാനി: പൊന്നാനി സുനാമി കോളനിയില്‍നിന്നു രണ്ടു മാസം വളര്‍ച്ചയെത്തിയ രണ്ടു കഞ്ചാവ് ചെടികള്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫിസര്‍ ജാഫര്‍, പ്രമോദ്, സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ കണ്ടെത്തിയത്.
പൊന്നാനി എം.ഇ.എസ് സ്‌കൂളിനടുത്തു നിര്‍മിച്ച 120 വീടുകള്‍ അടങ്ങിയ ആള്‍താമസമില്ലാത്ത കോളനി സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ് വില്‍പനക്കാരുടെയും താവളമാണെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കഞ്ചാവ് ചെടികള്‍ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണവള മോഷ്ടിച്ച സ്ത്രീകള്‍ പിടിയില്‍
കൊണ്ടോട്ടി: ബസ് സ്റ്റാന്‍ഡില്‍നിന്നു പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണവള മോഷ്ടിച്ച സംഭവത്തില്‍ രണ്ടു തമിഴ് യുവതികളെ പിടികൂടി. പൊള്ളാച്ചി സ്വദേശി കൗസല്യ (21), പളനി പത്തനത്ത്‌പെട്ടി സ്വദേശി മണിയമ്മ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ ലക്ഷ്മിയെ പിടികൂടാനായിട്ടില്ല.
ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പിടിയിലായ മണിയമ്മ കൊണ്ടോട്ടി സ്റ്റാന്‍ഡില്‍ ബസിറങ്ങിയപ്പോള്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച് തടഞ്ഞുവയ്ക്കുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞ് പൊലിസിലറിയിച്ചു. തുടര്‍ന്നു കൗസല്യയെയും പൊലിസ് പിടികൂടുകയായിരുന്നു.
മോഷണം നടത്തിയ ഉടനെ ലക്ഷ്മി തമിഴ്‌നാട്ടിലേക്കു രക്ഷപ്പെട്ടതായി ഇവര്‍ പൊലിസിനോടു പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ എസ്.ഐ കെ.ആര്‍ രഞ്ജിത്, എ.എസ്.ഐ പി.എം കൃഷ്ണനുണ്ണി, സത്യനാഥന്‍, കെ. ഷീജ, ശ്രീപ്രിയ, വിജയന്‍, ജസീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."