ഗുണമേന്മയില്ലാത്ത കുടിവെള്ള വിതരണം; ആരോഗ്യ വകുപ്പിനെ അറിയിക്കണം
പള്ളിക്കല്‍: കുടിവെള്ളം സ്ഥിരമായി വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ കുടിവെള്ളമെന്ന് വാഹനത്തിലെ ടാങ്കിലും സൗജന്യ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ വാഹനത്തില്‍ ബാനര്‍ കെട്ടിയും കുടിവെള്ളമെന്ന് പ്രത്യേകം എഴുതിവയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളില്‍ മറ്റാവശ്യങ്ങള്‍ക്കായ് ശുദ്ധജലമല്ലാത്ത വെള്ളം വിതരണം ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തിനുള്ള ശുദ്ധജലവും നിര്‍മാണ പ്രവര്ത്തിക്കുള്പ്പെടെ മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളവും ഒരേ ടാങ്കറില്‍ വിതരണം ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഇത് തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പല വാഹനങ്ങളില്‍ നിന്നു വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് ലാബില്‍ പരിശോധനക്കയക്കുകയും ടാങ്കറുകളില്‍ കുടിവെള്ളമെന്നെഴുതണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. നിര്‍ദേശം ലംഘിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കും.
കുടിവെള്ളമെന്നെഴുതാത്ത ടാങ്കര്‍ വാഹനങ്ങളില്‍ ഹോട്ടലുകളിലൊ വീടുകളിലൊ കുടിവെള്ളം വിതരണം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."