HOME
DETAILS
MAL
കഫീല്ഖാന് പരോള്‍ നിഷേധിച്ച് യു.പി സര്‍ക്കാര്‍
backup
March 31 2020 | 00:03 AM
ലക്നൗ: ഡോ. കഫീല്‍ഖാനോട് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പകപോക്കല്‍ തുടരുന്നു. 11,000 തടവുകാരെ ആള് ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ വിട്ടയക്കാനുള്ള തീരുമാനം എടുത്തെങ്കിലും അതില്‍ നിന്ന് കഫീല്‍ഖാനെ ഒഴിവാക്കി.
കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് പങ്കജ്കുമാര്‍ ജയ്സ്വാളിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് 71 ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 11,000 കുറ്റവാളികളെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ എട്ട് ആഴ്ച ഇടക്കാല ജാമ്യം നല്കി ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
പരോള്‍ അനുവദിക്കാനുള്ള പട്ടികയില്‍ കഫീല്‍ഖാനും ഉണ്ടായിരുന്നു. എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് കഫീല്‍ഖാനെ പരോളില്‍ വിട്ടയക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
കഫീല്ഖാന് പരോള്‍ നിഷേധിച്ചതിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭാര്യ ഡോ.ഷബിസ്ത ഖാന്. ജയിലില്‍ തന്റെ ഭര്‍ത്താവ് സുരക്ഷിതനല്ലായെന്നും ഭാര്യ പറഞ്ഞു.
നേരത്തെ കൊറോണ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ അവസരം തരണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിയ്ക്ക് കഫീല്ഖാന് കത്തയച്ചിരുന്നു.
എന്നാല്‍ ഇതിന് ഒരു മറുപടിയും പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."