കലക്ടറേറ്റിലെ സ്ഫോടനം: തെളിവെടുപ്പ് നടത്തി
മലപ്പുറം: മലപ്പുറം കലക്ടറേറ്റിലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മലപ്പുറം കോടതിവളപ്പില്‍ ബോംബ് സ്ഥാപിച്ച സ്ഥലത്തും പ്രതികളെത്തിയ മറ്റിടങ്ങളിലുമായിരുന്നു അന്വേണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ്.
കോടതിവളപ്പില്‍ ബോംബ് സ്ഥാപിച്ച രണ്ടാംപ്രതി മധുര സ്വദേശി ഷംസൂണ്‍ കരീം രാജ, കൂടെയുണ്ടായിരുന്ന പ്രതി ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് എന്നിവരെയാണ് മലപ്പുറത്തെത്തിച്ചത്. അതീവ സുരക്ഷയോടെയാണ് തെളിവെടുപ്പ് നടന്നത്. രണ്ടാംപ്രതിയായ മധുര സ്വദേശി ഷംസൂണ്‍ കരീം രാജയും മുഹമ്മദ് അയ്യൂബും ഒക്ടോബര്‍ 31നാണ് ബസ് മാര്‍ഗം മലപ്പുറത്തെത്തിയത്. എന്നാല്‍, രണ്ടാം പ്രതി മാത്രമാണ് കോടതിവളപ്പിലെത്തി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി മടങ്ങിയത്. മുഹമ്മദ് അയ്യൂബ് മലപ്പുറം കുന്നുമ്മലില്‍ ബസിറങ്ങിയ ശേഷം അവിടെത്തന്നെ നിന്നുവെന്നാണ് പൊലിസ് പറയുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇരുവരും തിരിച്ചുപോയി. നവംബര്‍ ഒന്നിനു രണ്ടാംപ്രതി ഷംസൂണ്‍ കരീം രാജ കോടതിവളപ്പിവല് ബോംബ് സ്ഥാപിച്ചു മടങ്ങി. ബോംബു വയ്ക്കുന്നതിന് മുന്‍പു കോടതി പരിസരം നിരീക്ഷിച്ചതിനെക്കുറിച്ചു രണ്ടാംപ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ശേഷം ബോംബ് സ്ഥാപിച്ചതെങ്ങനെയെന്നും വ്യക്തമാക്കി. കുന്നുമ്മല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ ശൗചാലയത്തിലെ ജീവനക്കാരനെ പ്രതി മുഹമ്മദ് അയ്യൂബ് തിരിച്ചറിഞ്ഞു.
ഒന്നാംപ്രതി അബ്ബാസ് അലിയാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍കോട്ടിക് ഡിവൈ.എസ്.പി പി.ടി ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."