HOME
DETAILS
MAL
അവധിക്കാല എക്‌സ്‌പോകള്‍ ഇല്ല; ജീവിതം വഴിമുട്ടി നിരവധി പേര്‍
backup
March 31 2020 | 21:03 PM
കോഴിക്കോട്: അവധിക്കാലവും വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളും ഉത്സവങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എക്‌സ്‌പോകളും ഫെസ്റ്റുകളും കൊവിഡ് ഭീഷണിയില്‍ ഉപേക്ഷിച്ചതോടെ തകര്‍ന്നത് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജ്ഞാന, വിനോദ പ്രദര്‍ശനങ്ങള്‍ നടന്നുവരുന്ന സമയമാണ് ഏപ്രില്‍, മെയ് അവധിക്കാലം.
വ്യക്തികളും സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ മാധ്യമ സ്ഥാപനങ്ങളുമെല്ലാം ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക പ്രദര്‍ശനം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാറുണ്ട്. ഇതെല്ലാം നിര്‍ത്തിവച്ചതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ആയിരങ്ങളുടെ ജീവിതമാര്‍ഗമാണ് ഇല്ലാതായത്.
എക്‌സിബിഷന് വേണ്ടി പന്തല്‍, സ്റ്റാള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ആളുകളും അവരുടെ കീഴിലുള്ള ജോലിക്കാരും അമ്യൂസെ്മന്റ് പാര്‍ക്കുകള്‍ തയാറാക്കുന്നവരും വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാരും ഫ്‌ളവര്‍ഷോ ഒരുക്കുന്നവരുമെല്ലാം ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെല്ലാം ഇത്തരം ഫെസ്റ്റുകള്‍ നടത്താറുണ്ട്. കൊവിഡ് ഭീതിയോടെ ഇതെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് ബീച്ചിലെ എക്‌സ്‌പോ, ബേപ്പൂര്‍ പെരുമ ഫെസ്റ്റ്,വെസ്റ്റ്ഹില്‍ ഫെസ്റ്റ്, കൊയിലാണ്ടി എക്‌സ്‌പോ, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ നടക്കാനിരുന്ന എക്‌സിബിഷന്‍, തേക്കടി ഫെസ്റ്റ്, വൈക്കം ഫെസ്റ്റ്, കൊടുവള്ളി ഫെസ്റ്റ്, വള്ളുവനാട് ഫെസ്റ്റ്, പിണറായി ഫ്‌ളവര്‍ഷോ, വടകരയിലെ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വടകരയില്‍ ഇന്റര്‍നാഷണല്‍ എക്‌സ്‌പോയ്ക്ക് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായതാണ്. ജോലിക്കായെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ വടകരയില്‍ താമസിപ്പിച്ചിരിക്കുകയാണ്. എക്‌സിബിഷനുകള്‍ നടത്താന്‍ കഴിയാതെ വന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നടത്തിപ്പുകാര്‍ക്കുണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള വരുമാനം ഈ രണ്ടു മാസങ്ങളിലാണ് ഉണ്ടാവുക. അത് പൂര്‍ണമായും നിലച്ചു. എക്‌സിബിഷന് വേണ്ടി പലയിടത്തും തൊണ്ണൂറ് ശതമാനത്തോളം ജോലികള്‍ കഴിഞ്ഞതാണ്. ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും ഇതിനായി ചെലവായത്. ഇവയിനി നടക്കുമോയെന്ന് അറിയില്ലെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ഉള്‍പ്പെടെ ഫണ്ട് കണ്ടെത്താനാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നത്. ഇതോടെ ആ വരുമാന മാര്‍ഗവും അടഞ്ഞു.
കഴിഞ്ഞ ഓണത്തിന് പ്രളയവും ഇത്തവണത്തെ അവധിക്കാലത്ത് കൊറോണയും തിരിച്ചടിയായതായി എക്‌സിബിഷനുകള്‍ക്ക് വേണ്ടി പന്തലും മറ്റും ഒരുക്കുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഹാരിസ് പറഞ്ഞു. മറ്റ് വരുമാനമൊന്നുമില്ലാത്തവരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്നും ഹാരിസ് പറയുന്നു.
വര്‍ഷത്തില്‍ ഏറ്റവും വരുമാനം ലഭിക്കുന്നത് മധ്യവേനലവധിക്കാലത്തെ പ്രദര്‍ശനത്തിലൂടെയായിരുന്നെന്നും ഇത്തവണ വരുമാനം നിലയ്ക്കുന്നത് ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരെ വലിയ പ്രതിസന്ധിയിലാക്കുമെന്നും എക്‌സ്‌പോകളിലും ഫെസ്റ്റുകളിലും സ്റ്റാള്‍ നടത്തുന്ന പെരിങ്ങളം സ്വദേശി റാഫി പറയുന്നു. ഇത്തവണത്തെ കച്ചവടത്തിനായി കളിപ്പാട്ടങ്ങളും ഫാന്‍സി ഇനങ്ങളും ശേഖരിച്ച് വച്ചിരുന്നു. എക്‌സ്‌പോകള്‍ ഉപേക്ഷിച്ചതോടെ ഇതെല്ലാം വെറുതെയായെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സിബിഷന്റെ ഭാഗമായ അമ്യൂസെ്മന്റ് പാര്‍ക്കുകളില്‍ റൈഡുകള്‍ ഒരുക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഉത്സവങ്ങളുടെ ഭാഗമായുള്ള കാര്‍ണിവലുകള്‍ ഉപേക്ഷിച്ചതിനാല്‍ എവിടേക്കും പോകാനില്ലാതെ പൂരപ്പറമ്പുകളിലെ താല്‍ക്കാലിക ഷെഡ്ഡില്‍ കഴിയുകയാണ് പലരും. ഫെസ്റ്റുകളുടെ ഭാഗമായുള്ള നഴ്‌സറികള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തും.
സീസണ്‍ കണക്കിലെടുത്ത് ചെടികള്‍ നട്ട് പാകപ്പെടുത്തിയെടുക്കും. ഇതിനും നിരവധി ജോലിക്കാര്‍ ആവശ്യമാണ്. നല്ല വരുമാനം സ്വപ്നം കണ്ട ഇവരും പ്രതിസന്ധിയിലായി. അടുത്ത സീസണ്‍ വരെ ജീവിതമാര്‍ഗം കണ്ടെത്താന്‍ ഇവര്‍ക്ക് മറ്റു വഴികള്‍ തേടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."