' റേഷന്‍വിതരണ വാഹനങ്ങള്‍: ക്രിമിനലുകളെ ഒഴിവാക്കണം'
കൊച്ചി: റേഷന്‍ വിതരണത്തിന്റെ ഭാഗമായുള്ള ചരക്കു നീക്കത്തിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ബിനാമികളെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമായി വാഹനങ്ങളുടെ കരാര്‍ എടുക്കുന്നവരില്‍ നിന്ന് എഴുതി വാങ്ങി സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സ്വകാര്യ മൊത്ത വിതരണക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കരിഞ്ചന്തക്കാര്‍ക്കും ബിനാമികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും വാഹന ടെന്‍ഡര്‍ നല്‍കുന്നുണ്ടെന്നായിരുന്നു ഹരജിയിലെ ആരോപണം. ആരോപണം ശരിയെങ്കില്‍ ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും സൂക്ഷ്മ പരിശോധന നടത്തിയശേഷമേ ടെന്‍ഡര്‍ നല്‍കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."