പുതിയകാവ് ചന്തയുടെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കല്ലമ്പലം: കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള പുതിയകാവ് ചന്തയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം.
ഇരുപതുലക്ഷത്തോളം രൂപയ്ക്കാണു വര്‍ഷാവര്‍ഷം ചന്ത ലേലത്തില്‍ പോകുന്നത്. എന്നാല്‍ ചന്തയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ തുകയുടെ പകുതി പോലും ചിലവാക്കുന്നില്ലെന്നാണ് ആക്ഷേപം. മീന്‍ കച്ചവടത്തിനായി ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത കെട്ടിടം ഇപ്പോള്‍ വെറുതെ കിടക്കുകയാണ്.
കച്ചവടക്കാരാരും എവിടെയിരുന്നു മീന്‍ വില്‍ക്കാറില്ല. മീന്‍ കച്ചവടക്കാരുടെയും സമീപത്തെ ചുമട്ടുതൊഴിലാളികളുടെയും ഇടത്താവളമാണ് ഈ കെട്ടിടം. ഇപ്പോള്‍ പ്ലാസ്റ്റിക് ശേഖരിക്കാനായി ചന്തയില്‍ പുതിയ കെട്ടിടം പണി തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതിനോടു ചേര്‍ന്നുള്ള മാലിന്യസംസ്കരണ യൂനിറ്റിലും സമീപത്തെ മാലിന്യക്കുഴിയിലും നിറഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ എങ്ങോട്ടു നീക്കം ചെയ്യണമെന്നറിയാതെ കുഴയുകയാണ് അധികൃതര്‍. വര്‍ഷങ്ങളായി വെറ്റക്കച്ചവടം നടത്തുന്ന സ്ഥലത്താണ് ഇപ്പോള്‍ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം വെറ്റ കച്ചവടക്കാര്‍ക്കും ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. എന്നാല്‍ ചന്തദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ തന്നെ കിളിമാനൂര്‍ ചന്ത കച്ചവടക്കാരെകൊണ്ടു സജീവമാകും.
ഇവിടെ പുതിയ കെട്ടിടങ്ങള്‍ വരുമ്പോള്‍ ചന്തയിലെ സ്ഥലസൗകര്യം തീരെ ഇല്ലാതാകുമെന്നാണ് കച്ചവടക്കാരുടെ പരാതി. കിളിമാനൂരിലെ തന്നെ സ്വകാര്യചന്തകളില് മീന്‍ കച്ചവടത്തിനു പ്രത്യേകം സ്റ്റാളുകള്‍ തയ്യാര്‍ ചെയ്ത് വൃത്തിയോടെ മീന്‍കച്ചവടം ചെയ്യുമ്പോള്‍ പുതിയകാവില്‍ ചെളിവെള്ളത്തിലാണു കച്ചവടം.
മഴക്കാലത്തു ചന്തയില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. മീന്‍കച്ചവടം നടത്തുന്ന സ്ഥലത്തു പ്രത്യേകം മുറികള്‍ കെട്ടിത്തിരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."