ഭീതിവിതച്ച് യോഗി
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാടു പ്രകടിപ്പിച്ചുകഴിഞ്ഞു. ഒരാഴ്ച ഭരണം പിന്നിടുമ്പോഴേയ്ക്കും വര്‍ഗീയകലാപത്തേക്കാള്‍ വലിയ ലഹളയുണ്ടായേക്കാവുന്ന മഹാവിപത്തിലേയ്ക്കാണു സംസ്ഥാനം പതിക്കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ ചോദ്യം ചെയ്യാനാവില്ലെങ്കിലും ജനദ്രോഹകരമായ നിലപാട് ഏതു തത്വചിന്തയുടെ പേരിലായാലും ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതു വന്‍പ്രതിഷേധമുയര്‍ത്തുകതന്നെ ചെയ്യും. പശുവിനെ കൊല്ലുന്നതും കടത്തുന്നതും തടയുമെന്നും അനധികൃത കശാപ്പുകേന്ദ്രങ്ങള്‍ പൂട്ടുമെന്നുമുള്ള തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് യോഗി.
ഒരാഴ്ച; വിവാദ
തീരുമാനങ്ങള്‍ നിരവധി
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു വന്നത് അപ്രതീക്ഷിതമായിരുന്നെങ്കിലും തെരഞ്ഞെടുപ്പു കാലത്തു ബി.ജെ.പിയെ പ്രതിനിധീകരിച്ചു മാധ്യമങ്ങളെ കാണാന്‍ നിയോഗിക്കപ്പെട്ടതു യോഗിയായിരുന്നു. സംസ്ഥാനപ്രസിഡന്റ് കേശവ് മൗര്യയും മുതിര്‍ന്ന നേതാവ് ദിനേശ് ശര്‍മയും മുഖ്യമന്ത്രിസ്ഥാനം കാംക്ഷിക്കുന്നവരും യോഗ്യരുമാണെന്ന വിലയിരുത്തലുകള്‍ക്കിടെയായിരുന്നു യോഗിയെ ഇത്തരത്തില്‍ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവന്നത്. യോഗിയിലൂടെ പാര്‍ട്ടിയെ ജനങ്ങളും മാധ്യമങ്ങളും ശ്രവിച്ചു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അതേ യോഗി മുഖ്യമന്ത്രിയുമായി.
അധികാരം കൈയാളി നിമിഷങ്ങള്‍ക്കകം യോഗിയുടെ പരിഷ്‌കാരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ഇപ്പോള്‍ വിവാദത്തിലായതുള്‍പ്പെടെ അന്‍പതിലധികം തീരുമാനങ്ങള്‍ യോഗി പ്രഖ്യാപിച്ചുകഴിഞ്ഞു. മന്ത്രിസഭ ചേര്‍ന്നെടുക്കേണ്ട തീരുമാനങ്ങള്‍ പോലും പ്രധാനമന്ത്രി മോദിയെ അനുസ്മരിപ്പിച്ച യോഗിയും അനുവര്‍ത്തിക്കുന്നതായാണ് കാണുന്നത്.
മന്ത്രിമാരും ഉദ്യോഗസ്ഥരും രാവിലെ പത്തിനുതന്നെ ഓഫീസിലെത്തണമെന്ന ആജ്ഞയും സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് ഹാജര്‍ നിര്‍ബന്ധമാക്കിയതും സിസിടിവി നടപ്പാക്കിയതും പാന്‍മസാല നിരോധിച്ചതും പോളിത്തീന്‍ ബാഗ് നിര്‍ത്തലാക്കിയതും ഉപകാരപ്രദമാണ്. ജൂണ്‍ 15 നകം സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ ഇല്ലാതാക്കണം, സര്‍ക്കാര്‍ ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകരുത്, മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വത്തുവിവരം പ്രഖ്യാപിക്കണം, അധ്യാപകര്‍ സ്‌കൂളുകളില്‍ ടീ ഷര്‍ട്ട് ധരിക്കുകയോ അനാവശ്യമായി മൊബൈല്‍ ഉപയോഗിക്കുകയോ ചെയ്യരുത് തുടങ്ങിയവയും മാനസ സരോവര്‍ തീര്‍ഥാടകര്‍ക്ക് ഗ്രാന്റ് ഇരട്ടിയാക്കിയതും ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചതുമൊക്കെ തീരുമാനങ്ങളില്‍ പെടുന്നു.
പൂവാലവിരുദ്ധസേനയും അനധികൃതകശാപ്പുശാലകള്‍ അടപ്പിക്കുന്നതുമാണ് ഇക്കൂട്ടത്തില്‍ ഏറെ വിവാദമായിരിക്കുന്നത്. കശാപ്പുശാലകള്‍, പൂവാലവിരുദ്ധസേന പ്രഥമദൃഷ്ട്യാ തീരുമാനത്തില്‍ ദുരുദ്ദേശമില്ലെന്നു തോന്നുമെങ്കിലും ഇതു നടപ്പില്‍ വരുത്താന്‍ തുടങ്ങിയതോടെ ഭീകരാവസ്ഥ തെളിയുകയാണ്. അനധികൃതകശാപ്പുശാലകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുന്നതു ജനങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണെന്നു വാദിക്കാം. അനധികൃതമാണെങ്കില്‍ അടപ്പിക്കാം. തുറന്ന ഇടങ്ങളിലുള്ള ഇത്തരം കശാപ്പുശാലകളില്‍ പട്ടിയിറച്ചിപോലും വില്‍ക്കുന്നതായും ആരോപണങ്ങളുമുണ്ടായിരുന്നു. ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെ പോലുള്ളവര്‍ ഇതിനെ പിന്തുണയ്ക്കുന്നതും അതുകൊണ്ടാണ്.
എന്നാല്‍, അനധികൃത കടകള്‍ക്കെതിരേയെടുക്കുന്ന നടപടി ജില്ലാഭരണകൂടങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ക്കെതിരേയും സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണു ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഉത്തര്‍പ്രദേശില്‍ സസ്യഭക്ഷണം മാത്രം മതിയെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദുപരിഷത്തിന്റെ പ്രസ്താവനയും ഇതിനിടെ പുറത്തുവന്നു. ഇതോടെ മത്സ്യ-മാംസ കടകള്‍ക്കെതിരേ നടപടിയും തുടങ്ങി. സംസ്ഥാനത്തു ഹോട്ടലുകളില്‍ മത്സ്യ-മാംസാഹാരങ്ങള്‍ മെനുകാര്‍ഡില്‍ ഇല്ലാതാവുന്നു. നല്ലവില കൊടുക്കേണ്ടിവരുന്ന ആടും കോഴിയുമായി മൃഗശാലയിലേതുള്‍പ്പെടെ വളര്‍ത്തുമൃഗങ്ങള്‍ക്കുപോലുമുള്ള മാംസാഹാരം. സഹികെട്ട ജനത വിപത്ത് മുന്നില്‍ക്കണ്ടു പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ കുറ്റംപറയാന്‍ കഴിയില്ല. മത്സ്യവ്യാപാരികളും ഹോട്ടലുകളും തങ്ങളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണു ലക്‌നോ ബക്ര ഗോഷ്ത് വ്യാപാര്‍ മണ്ഡല്‍ സംഘടനയുടെ പ്രതിനിധി മുബീന്‍ ഖുറേഷി പറയുന്നത്. ലക്ഷക്കണക്കിനു ജനങ്ങളുടെ ആഹാരത്തിനുനേരേയാണു യോഗിയുടെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൂവാലശല്യത്തിനെതിരേയെന്ന പേരിലാണു പൂവാലവിരുദ്ധസേന രൂപീകരിക്കാനുള്ള തീരുമാനം. രാജ്യത്തു വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള നടപടികളുടെ ഭാഗമായി തീരുമാനം വിലയിരുത്തപ്പെട്ടു. സ്ത്രീകളുടെ അന്തസ്സും മാനവും കാത്തുരക്ഷിക്കാനാണെന്നു യോഗിയും പ്രഖ്യാപിച്ചു. മുമ്പ് യു.പിയില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിച്ചു രംഗത്തുവന്ന യോഗി ഇതിനെതിരേയെന്ന പേരില്‍ സംസ്ഥാനത്തു നടപ്പാക്കിയ യുവവാഹിനി എന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടനയുടെ ചുവടുപിടിച്ചാണ് ഇതെന്നാണു വിലയിരുത്തപ്പെടുന്നത്. പശു സംരക്ഷണത്തിലും ഈ സംഘടന ശക്തമായി രംഗത്തുണ്ട്.
രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്
അനധികൃതകശാപ്പുശാലകള്‍ക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്. മുന്‍സര്‍ക്കാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ച കോടതിയുത്തരവ് നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്നാണു ബി.ജെ.പി ദേശിയ വക്താവ് സംപിത് പത്രയുടെ വിശദീകരണം. ഇതു ജാതിസംബന്ധമായ വിഷയമല്ലെന്നും അനധികൃത കശാപ്പുശാലകളില്‍നിന്നുള്ള മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നു ജനങ്ങളുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നതായി പരാതിയുണ്ടെന്നും അദ്ദേഹം പറയുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരേ നടപടിയുണ്ടാവില്ലെന്നും ഇതിനായി ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പത്തംഗസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചുമാത്രമേ ഇത്തരം കേന്ദ്രങ്ങളെ വിലയിരുത്തി നടപടി സ്വീകരിക്കൂ എന്നും അദ്ദേഹം പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ചാണു നടപടിയെന്നു മുഖ്യമന്ത്രിയും പ്രസ്താവിച്ചു.
ചെറുകിട ഇറച്ചിക്കച്ചവടക്കാരെയാണു സര്‍ക്കാര്‍ നോട്ടമിടുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം അഖിലേഷ് പ്രതാപ് സിങ് പറയുന്നു. ചെറുകടകള്‍ അടച്ചിട്ടു മാംസം കയറ്റുമതി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുന്ന അടവുനയമാണിത്. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.
യോഗി ആദിത്യനാഥ്
1996ല്‍ രാഷ്ട്രീയത്തിലെത്തിയ അജയ്‌സിങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ്, തന്റെ മുന്‍ഗാമി മഹന്ത് അവൈദ്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചാണു സംഘ്പരിവാറിനു പ്രിയപ്പെട്ടവനായത്. അവൈദ്യനാഥ് വിരമിച്ചപ്പോള്‍ പകരം ഗൊരഖ്പൂരില്‍നിന്നു ലോക്‌സഭയിലെത്തിയ യോഗി, തീവ്രഹിന്ദുനിലപാടുകള്‍ സ്വീകരിച്ചു. ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തില്‍ മുഖ്യപുരോഹിതനാണ്.
ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു, കൊലപാതകശ്രമം നടത്തി, മാരകായുധങ്ങളുമായി ലഹളയ്ക്കു നേതൃത്വം നല്‍കി, മറ്റുള്ളവരുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തി തുടങ്ങി ഒരുപിടി കേസുകള്‍ ഇദ്ദേഹത്തിനെതിരേ ചാര്‍ജ് ചെയ്തിരുന്നു. തീവ്രനിലപാട് സ്വീകരിച്ചു തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്നയാളാണിദ്ദേഹം.
യോഗ അംഗീകരിക്കാത്തവര്‍ ഇന്ത്യവിടണമെന്നു പ്രസ്താവന നടത്തി വിവാദത്തിലായ യോഗി ഇപ്പോള്‍ ഗുണ്ടകള്‍ ഉത്തര്‍പ്രദേശ് വിടണമെന്നാണ് ആവശ്യപ്പെടുന്നത്. യോഗിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത് ഖര്‍ വാപസി എന്ന പരിപാടിയാണ്. ക്രിസ്ത്യാനികള്‍ ഹൈന്ദവരെ മതം മാറ്റുന്നതായി ആരോപിച്ച് മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയെന്ന പേരില്‍ 2005ല്‍ തുടങ്ങിവച്ച ഈ പരിപാടി ഏറെ വിവാദങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."