HOME
DETAILS
MAL
കര്‍ണാടയുടെ മനുഷ്യത്വരഹിതമായ നടപടി: വിദഗ്ധ ചികിത്സ ലഭിക്കാതെ കാസര്‍കോട് മരിച്ചത് ഏഴ് പേര്‍
backup
April 01 2020 | 09:04 AM
കുമ്പള: അതിര്‍ത്തികളെല്ലാം കൊട്ടിയടച്ച് കര്‍ണാടകയുടെ കണ്ണില്‍ ചോരയില്ലാത്ത നടപടിയെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. ഇന്നലെ മരിച്ചത് മഞ്ചേശ്വരം ഗുഡ്ഡഗേരിയിലെ ശേഖര (50), മഞ്ചേശ്വരം തൂമിനാ ടിലെ ബേബി എന്നിവരാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശേഖര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ തലപ്പാടിയില്‍ എത്തിച്ചു. ഹൃദ്രോഗിയാണെന്ന് പറഞ്ഞെങ്കിലും പൊലിസ് കടത്തിവിട്ടില്ല. ഇതേ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചു.
അവിടെ നിന്ന് ഉടന്‍ മംഗളൂരുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സാധിക്കാത്തതിനാല്‍ വീട്ടിലേക്കുതന്നെ മടക്കി കൊണ്ടുപോവുകയാണുണ്ടായത്. ഇന്നലെ രാവിലെ ശേഖര്‍ മരണപ്പെടുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ബേബി മംഗളൂരുവില്‍ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് ബേബി മരിച്ചത്.
ഇതോടെ കര്‍ണാടയുടെ മനുഷ്യത്വരഹിതമായ നടപടിയെ തുടര്‍ന്നുള്ള മരണ സംഖ്യ ഏഴായി.
തലപ്പാടി അതിര്‍ത്തിയില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സ് മംഗളൂരുവിലേക്ക് പൊലിസ് കടത്തിവിടാതെയും മംഗളൂരുവിലെ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതും കാരണം തിങ്കളാഴ്ച്ച മാത്രം മരണത്തിന് കീഴടങ്ങേണ്ടി വന്നത് മൂന്നുപേരാണ്. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടു പേരും തലപ്പാടി അതിര്‍ത്തിക്ക് അടുത്തുള്ളവരാണ്. തലപ്പാടിയില്‍ നിന്നും കര്‍ണാടക പൊലിസ് തിരിച്ചയച്ചതിനെ തുടര്‍ന്നാണ്
വൃക്ക രോഗിയായ മാധവനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു.അന്നേ ദിവസം മരിച്ച കുഞ്ചത്തൂരിലെ ആയിഷയെയും അതിര്‍ത്തി കടത്തിവിടാത്തതിനാല്‍ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാല്‍ ആയിഷയെയും കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേ ഉദുമയില്‍ എത്തിയപ്പോള്‍ മരണപ്പെടുകയായിരുന്നു.
വൃക്ക രോഗിയായ ഉപ്പള ചെറു ഗോളിയിലെ അസീസ് ഹാജി (63) യാണ് മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി വൃക്കരോഗത്തിന് മംഗളൂരുവിലെ ആശുപത്രിയില്‍ സ്ഥിരമായി ചികിത്സ നടത്തി വരികയായിരുന്നു അസീസ് ഹാജി. കാസര്‍കോടായിരുന്നു ഇയാള്‍ ഡയാലിസിസ് ചെയ്തിരുന്നത്. രണ്ട് മാസത്തിലൊരിക്കല്‍ മംഗളൂരുവില്‍ ചെക്കപ്പിന് പോകാറുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലോക്ക് ഡൗണ്‍ കാരണം ഇവിടെ വരരുതെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ അസീസ് ഹാജി മരണത്തിന് കീഴടങ്ങി.
ചികിത്സയെ കുറിച്ച് തിരക്കാന്‍ മംഗളൂരുവിലെ ഡോക്ടറെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഡോക്ടര്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മംഗളൂരു പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് കുഞ്ചത്തൂര്‍ തൂമിനാടിലെ ആസ്ത്മ രോഗിയായ ഹമീദാണ് വിദഗ്ധ ചികിത്സ കിട്ടാതെ ആദ്യം മരിച്ചത്. പിന്നാലെ ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടിലെത്തിയ ബണ്ട്വാള്‍ ബി.സി റോഡിലെ പാത്തുഞ്ഞിയും ചികിത്സ കിട്ടാതെ മരിച്ചു. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ട് ആറുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."