ജ്വലിക്കുന്ന ഓര്‍മകളില്‍ ഭാഷാസമര സ്മരണ പുതുക്കി
മലപ്പുറം: അവകാശ സംരക്ഷണ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് 38 വയസ്. ഭാഷാ പഠന സ്വാതന്ത്ര്യത്തിനു വേണ്ടി രക്തംചിന്തിയ മജീദ്, റഹ്മാന്, കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ സമ്മേളനവും ഖബ്ര്‍ സിയാറത്തും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ ഇടപെടലുകള്‍ക്കെതിരേ 1980 ജൂലൈ 30നു മലപ്പുറം കലക്ടറേറ്റ് പിക്കറ്റ് ചെയ്യുകയായിരുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് മൂന്നു പേരാണ് കൊല്ലപ്പെട്ടിരുന്നത്.
മൈലപ്പുറത്തു മജീദിന്റെ ഖബ്റിടത്തില്‍ സിയാറത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
അബ്ദുല്ല എന്ന കുഞ്ഞിപ്പയുടെ ഖബറിടമുള്ള കാളികാവ് ജുമാമസ്ജിദില്‍ കുഞ്ഞിപ്പയുടെ ഖബ്ര്‍ സിയാറത്തിനു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തേഞ്ഞിപ്പലം നെടുങ്ങാട്ടുമാട് മസ്ജിദിലെ അബ്ദുര്‍റഹ്മാന്റെ ഖബ്റിടത്തില്‍ സിയാറത്തിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും നേതൃത്വം നല്കി.
വിവിധയിടങ്ങളിലായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എല്‍.എമാര്‍, പാര്‍ട്ടി നേതാക്കള്‍, രക്തസാക്ഷികളുടെ കുടുംബങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."