ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം കരാര്‍ നല്‍കുന്നതില്‍ അഴിമതിയെന്ന്
പാലക്കാട്: ജില്ലയില്‍ ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം നടത്താന്‍ കരാര്‍ നല്‍കുന്നതില്‍ വന്‍ അഴിമതി നടന്നതായി പരാതി. ടാങ്കറില്‍ വെള്ളം കടത്താന്‍ കുറഞ്ഞ നിരക്ക് രേഖപെടുത്തിയവരെ ഒഴിവാക്കി നിലവില്‍ ഉയര്‍ന്നനിരക്കില്‍ വെള്ളം വിതരണം നടത്തുന്ന സ്വകാര്യ വ്യക്തിക്ക് തന്നെ കരാര്‍ നല്‍കാനാണ് അണിയറ നീക്കം. കരാര്‍ ഫോം വാങ്ങിക്കാന്‍ അതത് താലൂക്ക് ഓഫിസുകളില്‍ എത്തുന്നവരെ ചില ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തുകയാണത്രെ ചെയ്തുകൊണ്ടിരിക്കുന്നത്. അതുപോലെ ജല അതോറിറ്റിയിലെ അറ്റന്‍ഡര്‍ മുതലുള്ള ജീവനക്കാരും പുതിയ കരാര്‍ അപേക്ഷ നല്‍കാന്‍ എത്തുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചു വിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
നിലവില്‍ ഒരു കിലോമീറ്ററിനു 170 രൂപവെച്ചാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇത് വളരെ കൂടുതലാണെന്നു പറയുന്നു. പുതുതായി കരാറെടുക്കാന്‍ അപേക്ഷ നല്‍കിയവര്‍ ഈ നിരക്കിലും ചുരുക്കി 135 രൂപ വരെ രേഖപെടുത്തിയവര്‍ക്ക് കരാര്‍ കൊടുക്കാതെ കാലങ്ങളായി കരാര്‍ എടുത്ത വ്യക്തിക്ക് തന്നെ കരാര്‍ ഉറപ്പിക്കാനാണ് നീക്കം. ഇതിനു കലക്ടറേറ്റില്‍ ഉദ്യോഗസ്ഥ ലോബി തന്നെയുണ്ടത്രേ. പുതുതായി കരാര്‍ എടുക്കാനെത്തുന്നവരോട് ചെയ്യാന്‍ കഴിയാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കരാറുകാരെ നിയമിക്കണം. അതിനു വേണ്ടി താലൂക്ക് തലത്തില്‍ അപേക്ഷ നല്‍കിയവരെ കലക്ടറേറ്റില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയ ശേഷം മുണ്ടുവിരി നടത്തി നിലവിലുള്ള കരാറുകാരനു തന്നെ ഏല്‍പിച്ചു കൊടുത്തതായാണ് വിവരം.
ഒരോ വര്‍ഷവും ടാങ്കറില്‍ വെള്ളം നല്‍കാന്‍ കോടികളാണ് സര്‍ക്കാരിന് ചെലവാകുന്നത്. റവന്യുവകുപ്പിലെ പ്യൂണ്‍ മുതല്‍ മുകളിലോട്ടുള്ളവരേയും, ജലഅതോറിറ്റിയിലെ അറ്റന്‍ഡര്‍ മുതല്‍ മുകളില്‍ ഉള്ളവരെയും മാമൂല്‍ നല്‍കി സല്‍കരിച്ചാണ് നിലവില്‍ വെള്ളം വിതരണം ചെയ്യുന്ന വ്യക്തി ഈ ഫീല്‍ഡില്‍ ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്.
ഇയാളെക്കാളും കുറഞ്ഞ നിരക്ക് രേഖപെടുത്തിയവരെ തഴഞ്ഞതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.
ഇത്തവണ ചിറ്റൂരില്‍ മാത്രം 17 പേരാണ് കരാറെടുക്കാന്‍ അപേക്ഷിച്ചിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും നിലവില്‍ നല്‍കി വരുന്ന സംഖ്യയേക്കാള്‍ കുറവായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ കരാര്‍ അംഗീകരിച്ചാല്‍ നിലവിലുള്ള കുത്തക കരാറുകാരനെ ഒഴിവാക്കേണ്ടി വരും. അതില്ലാതാകാക്കനാണ് കലക്ടറേറ്റില്‍ വിലപേശല്‍ ചര്‍ച്ചക്കായി വിളിച്ചത്. എന്നാല്‍ മിക്കവരും പിന്‍വാങ്ങാന്‍ തയാറാട്ടില്ലെന്നാണറിയുന്നത്.
കരാര്‍ ലഭിക്കണമെന്ന നിര്‍ബന്ധം പിടിച്ചവരോട് പുതിയ ഡിമാന്‍ഡുകള്‍ വെച്ചു പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചിനകം ഡിമാന്റുകള്‍ പാലിച്ചില്ലെങ്കില്‍ അത് അംഗീകരിക്കന്നവര്‍ക്ക് കരാര്‍ ഉറപ്പിക്കുമെന്നാണ് പറഞ്ഞത്. കലക്ടറേറ്റിലെ ഒരുഉന്നതനാണ് ഇതിന് വേണ്ടി കളിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നാണ് അറിയുന്നത്.
നിലവില്‍ കുടിവെള്ളം നടത്തുന്നതില്‍ വന്‍ അഴിമതിയാണ് നടന്നു വരുന്നത്. 12,000 ലിറ്റര്‍ വരുന്ന ഒരു ടാങ്കര്‍ േലാറിയിലെ വെള്ളം മൂന്ന് വാര്‍ഡുകളില്‍ വിതരണം നടത്തിയെന്ന് രേഖയുണ്ടാക്കി പണം അടിച്ചുമാറ്റുന്നതായാണ് പരാതിയുള്ളത്. ഓരോ വാര്‍ഡുകളിലും 12,000ലിറ്റര്‍ നല്‍കിയെന്ന് വാര്‍ഡ് മെമ്പറുടെ കത്തുമുണ്ടാക്കും. എന്നാല്‍ ഇതൊന്നും പരിശോധിക്കാന്‍ യാതൊരു സംവിധാനവും റവന്യു വകുപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ ജല അതോറിറ്റിയുടെ ടാങ്കുകളില്‍ നിന്നും എത്രവെള്ളമാണ് എടുക്കുന്നതെന്ന് പരിശോധിക്കാനും സംവിധാനമില്ല.ഓരോ തവണ ലോറികള്‍ വരുമ്പോഴും വെള്ളം നിറച്ചു കൊടുക്കല്‍ മാത്രമാണ് പണിയെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വ്യക്തമായ കണക്ക് പറയാന്‍ തയാറാവുന്നില്ല. ഇതിന് പുറമെ ഓട്ടോ റിക്ഷയുടെ നമ്പര്‍ എഴുതി നല്‍കി ലോറിയില്‍ വെള്ളം കടത്തിയെന്ന് പറഞ്ഞു പണം കൈപറ്റിയിട്ടുമുണ്ട്.
ടാങ്കര്‍ വെള്ളം വിതരണം നടത്തിയതില്‍ അഴിമതി കണ്ടെത്തിയ ചില റവന്യു ഉദ്യോഗസ്ഥര്‍ നിയമ നടപടി നേരിടുന്നുണ്ട്.
കരാറുകാരനെതിരേ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി കൂടുതല്‍ തുകക്ക് കുടിവെള്ളം വിതരണം നടത്താന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ വീണ്ടും നല്‍കാന്‍ ഉന്നതതല നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."