കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും കൊമ്പു കോര്‍ക്കുന്നു
ന്യൂഡല്‍ഹി: പരസ്യത്തിലൂടെ പാര്‍ട്ടി പ്രചാരണം നടത്തിയതില്‍ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എര്‍പ്പെടുത്തിയ പിഴ അടയ്ക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്നംഗ സമിതിയാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിയുടെ പ്രചാരണത്തിനായി പരസ്യത്തെ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതുവഴി സര്‍ക്കാറിന് 97 കോടിയുടെ നഷ്ടമുണ്ടായെന്നും സമിതി കണ്ടെത്തി. ഈ തുക പിഴയായി അടയ്ക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളെ മനീഷ് സിസോദിയ തള്ളി. പാര്‍ട്ടിയെ പരസ്യത്തിലൂടെ പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് പിഴ നിര്‍ബന്ധമായും ഈടാക്കണമെന്ന് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജല്‍ ചീഫ് സെക്രട്ടറി എം.എം. കുട്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രിം കോടതി നിര്‍ദേശം ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്ന് അനില്‍ ബൈജല്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സിസോദിയ പറഞ്ഞു.
ഇത്തരം പരസ്യങ്ങള്‍ വെറുതെ നല്‍കിയതല്ല. അത് ജനങ്ങളുമായി സംവദിക്കാനുള്ളതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ എ.എ.പി കൊണ്ടു വന്ന മാറ്റങ്ങള്‍ വളരെ മികച്ചതാണ്. അതിലുപരി സര്‍ക്കാരിനെ അസ്ഥിരതപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. അവര്‍ക്കെതിരേ പ്രചാരണം കൂടിയാണ് പരസ്യങ്ങള്‍. നേരത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരും ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. മൂന്നംഗ കമ്മിഷന് പണം തിരിച്ചുപിടിക്കാനുള്ള യോഗ്യതയില്ലെന്നും സിസോദിയ വ്യക്തമാക്കി.
സുപ്രിം കോടതി വിധി പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയോ അതിന്റെ ചിഹ്നങ്ങളോ സര്‍ക്കാര്‍ പരസ്യങ്ങളുടെ ഭാഗമാകാന്‍ പാടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പഠിച്ച് നടപടിയെടുക്കാന്‍ കമ്മിഷന്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം എ.എ.പി പരസ്യത്തിലൂടെ 24 കോടി നഷ്ടമുണ്ടാക്കിയെന്നും ഡല്‍ഹിക്ക് പുറത്ത് പരസ്യം നല്‍കിയത് വഴി 29 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ ബി.ജെ.പിയോട് അടുപ്പമുള്ളവരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."