രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കും
തിരുവനന്തപുരം: കൂടെ നില്‍ക്കുന്ന ചെറുകക്ഷികളെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ സി.പി.എം തീരുമാനം. കാല്‍ നൂറ്റാണ്ടിലേറെയായി കൂടെ നില്‍ക്കുന്ന ഐ.എന്‍.എല്ലിനു മുന്നണിയില്‍ പ്രവേശനം നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ധാരണയായി. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മുന്നണി യോഗത്തിലായിരിക്കും ഉണ്ടാകുക. യു.ഡി.എഫ് വിട്ടുവന്ന ജെ.ഡി.യുവിനും മുന്നണിയില്‍ ഇടം ലഭിക്കും. മറ്റു കക്ഷികളുടെ കാര്യവും മുന്നണിയില്‍ ചര്‍ച്ച ചെയ്യും.
എന്നാല്‍ ചെറുകക്ഷികളെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താനാണ് തീരുമാനമെന്നും ആര്‍ക്കൊക്കെ മുന്നണി പ്രവേശനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദീര്‍ഘകാലമായി കൂടെ നില്‍ക്കുന്ന ഐ.എന്‍.എല്ലുമായി അടുത്ത ബന്ധമാണെന്നു വ്യക്തമാക്കിയ അദ്ദേഹം, താന്‍ ഈ പറയുന്നതു തന്നെ അവര്‍ക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തകാലത്ത് മുന്നണിക്കൊപ്പം വന്ന സി.എം.പി, ജെ.എസ്.എസ്, കേരള കോണ്‍ഗ്രസ് (ബി) , ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുമായുള്ള ബന്ധവും ശക്തമാക്കും.
ഒഴിവു വന്ന രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മിനു ലഭിക്കുന്ന ഒരു സീറ്റിലെ സ്ഥാനാര്‍ഥിയെ അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇന്നു മുതല്‍ നാലു മേഖലാ യോഗങ്ങള്‍ ഇതിനായി നടത്തും. കണ്ണൂര്‍, പട്ടാമ്പി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന മേഖലാ യോഗങ്ങളില്‍ ലോക്കല്‍ സെക്രട്ടറിമാര്‍ വരെയുള്ളവര്‍ പങ്കെടുക്കും. നാലു യോഗങ്ങളിലും പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പങ്കെടുക്കും. തുടര്‍ന്ന് ലോക്കല്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ ജനറല്‍ ബോഡികള്‍ വിളിച്ചും റിപ്പോര്‍ട്ട് ചെയ്യും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാനത്തു നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു സംസ്ഥാന കേന്ദ്രം രൂപീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനു സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പടുത്തി. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കും. ചെങ്ങന്നൂരില്‍ ചില മാധ്യമങ്ങള്‍ യു.ഡി.എഫ് ഘടകകക്ഷികളെപ്പോലെ പ്രവര്‍ത്തിച്ചതായി യോഗം വിലയിരുത്തി.
ചെങ്ങന്നൂരില്‍ ബി.ജെ.പിക്കു വോട്ട് കുറഞ്ഞെങ്കിലും 23 ശതമാനം വോട്ടു ലഭിച്ചത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ശിഥിലമാകുകയാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."