ജനുവരി മുതല്‍ മരിച്ചവരുടെ മരണ കാരണങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു
കൊണ്ടോട്ടി: നിപാ വൈറസ് ബാധ മുന്‍നിര്‍ത്തി മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ജനുവരി മുതല്‍ മരിച്ചവരുടെ മരണകാരണങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ച് പരിശോധിക്കുന്നു. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ വച്ച് മരിച്ചവരുടെ വിവരങ്ങള്‍ ആശുപത്രികള്‍ വഴിയും വീടുകളില്‍ മരിച്ചവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുമാണ് ശേഖരിക്കുന്നത്.
കേരളത്തില്‍ നിപാ വൈറസ് കഴിഞ്ഞ മാസമാണ് കോഴിക്കോട്ട് സ്ഥിരീകരിച്ചത്. എന്നാല്‍ തൊട്ടു മുമ്പുളള മാസങ്ങളില്‍ ഇത്തരത്തില്‍ മരണങ്ങളുണ്ടായിട്ടുണ്ടോ എന്ന് സംശയുമുണ്ടായ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന. ഇതിനായാണ് ജനുവരി മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ മരിച്ചവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നത്. മരിച്ച വ്യക്തി ആശുപത്രിയില്‍ ചികില്‍സ തേടിയ രോഗം, ഇതിന് നല്‍കിയ മരുന്നുകള്‍, ലാബ് പരിശോധനാ റിപ്പോര്‍ട്ട്, മരത്തിന് കാരണമായ രോഗങ്ങള്‍, മരിച്ച വ്യക്തി സ്ഥിരം രോഗിയായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന. നിപാ വൈറസ് നേരത്തെ പിടിപെട്ട് മരണങ്ങളുണ്ടായോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വീടുകളില്‍ മരിച്ചവരുടെ വിവരങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കിയ രേഖകളാണ് പരിശോധിക്കുന്നത്. സംശയമുളളവയുണ്ടെങ്കില്‍ ബന്ധുക്കളെ കണ്ട് വിവരങ്ങള്‍ തേടും. പനിബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കും.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് കൈമാറുക. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വിവരങ്ങള്‍ തേടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."