ഇന്ത്യ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
ലോകത്തെ മുച്ചൂടും ബാധിച്ചിരിക്കുന്ന കൊവിഡ് - 19 മഹാമാരി ലോക സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. 1930ല്‍ സാക്ഷ്യംവഹിച്ച മഹാമാന്ദ്യത്തിനു (ഗ്രേറ്റ് ഡിപ്രെഷന്‍) സമാനമായ തകര്‍ച്ചയിലേക്കാണ് ലോക സമ്പദ്‌വ്യവസ്ഥ നീങ്ങുന്നത്. ഇന്ത്യയിലാകട്ടെ സാമ്പത്തികരംഗം അല്ലെങ്കിലേ തകര്‍ച്ചയുടെ നെല്ലിപ്പടിയിലേക്കാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. ജി.ഡി.പി വളര്‍ച്ചാ നിരക്ക് പരിതാപകരമാം വിധം മന്ദഗതിയിലാണ്. അതിന് പുറമെയാണ് കൂനിന്മേല്‍ കുരുവായി കൊവിഡ് മഹാമാരിയുടെ വരവ്. നിലവിലുള്ള ദേശീയ ലോക്ക് ഡൗണ്‍ സമ്പദ്‌വ്യവസ്ഥയെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയിരിക്കുന്നു. ഇത് രാജ്യത്തെ ഒരു സാമ്പത്തിക മഹാമാരിയിലേക്കാണ് നയിക്കുന്നത്.
2019 - 20 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ച നിരക്ക് 4.7% മാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജി.ഡി.പി വളര്‍ച്ച നിര്‍ണ്ണയിക്കുന്ന രീതിയിലും അടിസ്ഥാന വര്‍ഷത്തിലും വിവാദപരമായ മാറ്റം വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ ആയിരുന്ന അരവിന്ദ് സുബ്രമണ്യം തന്നെ ഇന്ത്യയിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 2.5% പെരുപ്പിച്ചു കാണിക്കുന്നു എന്നഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് 2.2% മാത്രമാണ്. 2016 - 17ല്‍ ഇത് 8.2% മായിരുന്നു എന്നോര്‍ക്കുക. വിലക്കയറ്റം 6.58% എത്തി നില്‍ക്കുന്നു. 2018ല്‍ ഇത് വെറും 3.5%മായിരുന്നു.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഒരു അമേരിക്കന്‍ ഡോളറിനു 75 രൂപ എന്നനിരക്കില്‍ എത്തിയിരിക്കുന്നു. എന്നാല്‍ അതിന് അനുപതികമായി കയറ്റുമതിയില്‍ വളര്‍ച്ചയില്ലതാനും. ലോക ബാങ്കിന്റെ കണക്കനുസരിച്ച് 179.6 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പോലുള്ള ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതികളോട് മോദി സര്‍ക്കാരിന് വലിയ മമതയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ നല്‍കുന്ന തുച്ഛമായ കൂലി പോലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കുടിശ്ശികയായി കിടക്കുകയാണ്.
ജനങ്ങളുടെ വാങ്ങല്‍ കഴിവ് (പര്‍ച്ചെസിങ് പവര്‍) താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടേയും ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെയുമെല്ലാം ഉപഭോഗം കുറയുകയാണ്. അതോടൊപ്പം ഗാര്‍ഹിക സമ്പാദ്യ നിരക്കും താഴോട്ടാണ്. സാമ്പത്തിക അസമത്വം ഭീഷണമായ രീതിയില്‍ വളരുന്നു. ഓക്‌സ്ഫമിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനം, മൊത്തം ആസ്തിയുടെ 58% കൈവശംവയ്ക്കുന്നു. ഇങ്ങനെ മുച്ചൂടും തകര്‍ന്ന സമ്പദ്‌വ്യവസ്ഥയിലേക്കാണ് വെള്ളിടി പോലെ കൊവിഡും ദേശീയ ലോക്ക് ഡൗണും വന്നുഭവിച്ചിരിക്കുന്നത്.
ദേശീയ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ നിന്ന് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് ഒഴുകുകയാണ്. വിഭജനകാലത്തെ അഭയാര്‍ഥി പ്രവാഹത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ പലായനം ഗ്രാമീണ ഇന്ത്യയില്‍ വന്‍ ക്ഷാമത്തിനു ഇടയാക്കും. കൊവിഡ് രോഗം കാട്ടുതീ പോലെ പടരാനുള്ള സാധ്യത പുറമേയും. ഹോട്ടല്‍, ഫാക്ടറി തൊഴിലാളികള്‍, വീട്ടുവേലക്കാര്‍ തുടങ്ങിയ, കാര്യമായ സമ്പാദ്യമോ മൂലധനമോ ഇല്ലാത്ത താഴ്ന്ന വരുമാനക്കാരാണിവര്‍. ഇവര്‍ മാസങ്ങളോളം നീളാവുന്ന അടച്ചുപൂട്ടലിനെ എങ്ങനെ അതിജീവിക്കുമെന്നത് പൂരണമില്ലാത്ത സമസ്യയാണ്. 'ഇക്കണോമിക് ടൈംസ് ' കണക്കനുസരിച്ച് ഹോട്ടല്‍ ടൂറിസം വ്യവസായം നാലുകോടി തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗ്ഗം നല്‍കുന്നുണ്ട്. ഈ രംഗത്തെ അടച്ചുപൂട്ടല്‍ മൂലം 12 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടും. പതിനൊന്നായിരം കോടിയുടെ വരുമാന നഷ്ടം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു.
വ്യോമയാന മേഖലയിലെ 3.5 ലക്ഷം തൊഴിലാളികളുണ്ട്. ഏപ്രില്‍ - ജൂണ്‍ മാസത്തിനിടയില്‍ 4200 കോടിയുടെ നഷ്ടം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. 59 ലക്ഷം കോടിയുടെ മുതല്‍മുടക്കുള്ള റീടെയ്ല്‍ മേഖലയില്‍ 1.1 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാകും. റസ്റ്ററന്റ് മേഖലയിലുള്ള 73 ലക്ഷം തൊഴിലാളികളില്‍ 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 35% വും ഒല, യൂബര്‍ തുടങ്ങിയ ടാക്‌സി സര്‍വിസില്‍ 50% വും തൊഴില്‍ നഷ്ടം പ്രതീക്ഷിക്കുന്നു. മാരുതി, ഹ്യൂണ്ടായ്, ഹോണ്ട തുടങ്ങിയ കാര്‍ കമ്പനികള്‍ ഉല്‍പാദനം നിര്‍ത്തി. മറ്റു നിര്‍മാണ മേഖലയിലും അടച്ചുപൂട്ടല്‍ പ്രതീക്ഷിക്കാം. 'ബിസിനസ് ടുഡേ'യുടെ കണക്ക് പ്രകാരം 8.76 ലക്ഷം കോടിയുടെ നഷ്ടമാണ് സമ്പദ്‌വ്യവസ്ഥയില്‍ അടച്ചുപൂട്ടലിലൂടെ ഉണ്ടാകാന്‍ പോകുന്നത്. കാര്‍ഷിക രംഗത്തെ നഷ്ടം പരിഗണിക്കാതെയാണ് ഈ കണക്ക് എന്നുകൂടി ഓര്‍ക്കുക.
സര്‍ക്കാരിന്റെ ധനസ്ഥിതി ഒട്ടും മെച്ചമല്ല. 2019ല്‍ 7.4 ലക്ഷം കോടിയാണ് സര്‍ക്കാര്‍ ചരക്ക് സേവന നികുതിയില്‍ നിന്ന് പ്രതീക്ഷിച്ചത്. ലഭിച്ചതോ 5.8 ലക്ഷം കോടി മാത്രം. വരുമാന നികുതിയില്‍ 5.2 ലക്ഷം കോടി പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 4.7 ലക്ഷം കോടി. നടപ്പു സാമ്പത്തിക വര്‍ഷം നികുതി വരവ് അതിദയനീയമായിരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 1.76 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജിനുള്ള പണം കണ്ടെത്തുകയും വേണം. ചുരുക്കത്തില്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ശോചനീയമായ ദാരിദ്രത്തിലേക്കാണ് രാജ്യം നടന്നു നീങ്ങുന്നത്.
ഇത്തരം അപകടകരവും ദുഷ്‌കരവുമായ സാമ്പത്തിക നിലയെ തരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള ഒരു വഴിയാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നത്. ഭരണഘടനയുടെ പാര്‍ട്ട് പതിനെട്ടിലാണ് (അനുച്ഛേദം 352 - 360) അടിയന്തരാവസ്ഥയെ പറ്റി പ്രതിപാദിക്കുന്നത്. അടിയന്തരാവസ്ഥ മൂന്ന് തരമുണ്ട്; ദേശീയ അടിയന്തരാവസ്ഥ, സംസ്ഥാന അടിയന്തരാവസ്ഥ, സാമ്പത്തിക അടിയന്തരാവസ്ഥ. സാമാന്യമായി പറഞ്ഞാല്‍ ഏതൊരു അടിയന്തരാവസ്ഥയുടെയും രണ്ട് ഇരകള്‍ മൗലികാവകാശവും ഫെഡറലിസവുമാണ്. ദേശീയ അടിയന്തരാവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങളുടേയും സംസ്ഥാന അടിയന്തരാവസ്ഥയില്‍ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയും ഭരണ നിവഹണ അധികാരത്തിലും നിയമ നിര്‍മ്മാണ അധികാരത്തിലും ഫെഡറല്‍ തത്വങ്ങളെ റദ്ദാക്കി കേന്ദ്രഭരണകൂടത്തിനു യഥേഷ്ടം ഇടപെടാം.
സാമ്പത്തിക അടിയന്തരാവസ്ഥയില്‍ ഫിസ്‌കല്‍ ഫെഡറലിസം നിര്‍വീര്യമാകും. ചരക്ക് സേവന നികുതിയുടെയും ജി.എസ്.ടി കൗണ്‍സിലിന്റെയും രംഗപ്രവേശനം അല്ലെകില്‍ തന്നെ ഫിസ്‌കല്‍ ഫെഡറലിസത്തെ സാരമായി അംഗഭംഗപ്പെടുത്തിയിട്ടുണ്ട്. അനുച്ഛേദം 360 പ്രകാരം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണ് എന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. ഇതോടെ ഫിസ്‌കല്‍ ഫെഡറലിസം സസ്‌പെന്‍ഡ് ചെയ്യപ്പെടും. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഭരണം എങ്ങനെ നടത്തണം എന്ന നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാം. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന എല്ലാ ഫിനാന്‍സ് ബില്ലുകളും മണി ബില്ലുകളും രാഷ്ട്രപതിയുടെ അനുമതിയോടു കൂടിയേ പാസാക്കാനാവൂ. ഇന്നത്തെ സാഹചര്യത്തില്‍, ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഭരണഘടനാ നിര്‍മ്മാണസഭയില്‍ അടിയന്തരാവസ്ഥ വകുപ്പുകളെ സംബന്ധിച്ച് ആഴത്തിലുള്ള സംവാദം നടന്നിരുന്നു. അടിയന്തരാവസ്ഥ വകുപ്പുകള്‍ ഭരണഘടനയെ തന്നെ അപ്രസക്തമാക്കുമെന്ന അഭിപ്രായമാണ് എച്ച്.വി കമ്മത്ത്, പ്രൊഫ. കെ.ടി ഷാ തുടങ്ങിയ അംഗങ്ങള്‍ മുന്നോട്ടുവച്ചത്.എന്നാല്‍ അടിയന്തരാവസ്ഥാ വകുപ്പുകളെ സംബന്ധിച്ച് പ്രായോഗികമായ നിലപാട് എടുത്ത അംഗമായിരുന്നു ടി.ടി കൃഷ്ണമചാരി. അടിയന്തരാവസ്ഥയെ 'അനിവാര്യമായ തിന്മ' എന്നാണ് ടി.ടി.കെ വിശേഷിപ്പിച്ചത്. യുദ്ധങ്ങളും ആഭ്യന്തരയുദ്ധങ്ങളും മാത്രമല്ല സാമ്പത്തിക തകര്‍ച്ചയും ഭരണഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ പര്യാപ്തമാണ്. ഇത്തരം അസാധാരണ പ്രതിസന്ധികളെ നേരിടാനുള്ള വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ അത് ഭരണഘടനാ ശില്‍പികളുടെ ഗുരുതരമായ വീഴ്ചയായിരിക്കുമെന്നും ടി.ടി കൃഷ്ണമാചാരി പ്രസ്താവിച്ചു. അടിയന്തരാവസ്ഥാ വകുപ്പുകളെ ഒരു സേഫ്റ്റി വാല്‍വിനോടാണ് അദ്ദേഹം ഉപമിച്ചത്.
ചില അസാധാരണ പ്രതിസന്ധികളില്‍ പൗരാവകാശങ്ങളെ ചുരുക്കേണ്ടിവരും. റേഷനിങ് അതിന് ഉദാഹരണമാണ്. ആഗ്രഹിക്കുന്നയത്രയും അരിയോ ഗോതമ്പോ വാങ്ങി സൂക്ഷിക്കാനുള്ള ഒരാളുടെ അവകാശത്തിന് അത് ഹാനിവരുത്തും. പക്ഷേ, ഭരണഘടനാ സംവിധാനത്തെ സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യം ഇത്തരം നിയന്ത്രണങ്ങളെ സാധൂകരിക്കുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ അത് രോഗത്തെക്കാള്‍ അപകടകരമായ ഔഷധമായി മാറാനുള്ള സാധ്യതയാണുള്ളത്. ഫെഡറല്‍ വിരുദ്ധ പ്രത്യയശാസ്ത്രം പേറുന്ന കേന്ദ്ര ഭരണകക്ഷി അതിനെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."