HOME
DETAILS
MAL
ഒഡിയ, ബംഗാളി, അസമീസ്... ഏതായാലും കോള്‍ സെന്റര്‍ റെഡി അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി കണ്‍ട്രോള്‍ റൂം
backup
April 03 2020 | 02:04 AM
കൊച്ചി: എറണാകുളം കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തുന്നവര്‍ ഞെട്ടിയേക്കാം. വിവിധ ഭാഷക്കാരുടെ പരിച്ഛേദമുണ്ടിവിടെ. പല ഭാഷകളിലായി ഫോണുകളില്‍ സംവദിക്കുകയാണവര്‍. ഹിന്ദി, ഒഡിയ, ബംഗാളി, അസമി, ഇംഗ്ലീഷ്, ബംഗ്ലാദേശ് ഭാഷകളുടെ സമ്മിശ്ര ശബ്ദമാണിവിടെ. കഴിഞ്ഞ നാലുദിവസമായി ഇവിടെ ഇങ്ങനെയാണ്.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം മാത്രം പോരാ, അവരുടെ സംശയങ്ങള്‍ ദുരീകരിക്കുകയും വേണമെന്ന് തിരിച്ചറിഞ്ഞാണ് ജില്ലയില്‍ വിവിധ ഭാഷക്കാര്‍ക്കായി കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.ഹലോ ഭായ് നമസ്‌തേ, ജുഹാര്‍, നമസ്‌കാരോ, നമസ്‌കാര്‍, പ്രൊണാം തുടങ്ങി ഹിന്ദി, ഒഡിയ, ബംഗാളി, അസമി, ബംഗ്ലാദേശ് ഭാഷകളാണ് കൂടുതലായി ഇവിടെ മുഴങ്ങുന്നത്. ലോക്ക്ഡൗണ്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാനാണ് വിളികള്‍ മിക്കതും. കൂട്ടത്തില്‍ ആവശ്യങ്ങളും പരാതികളും അതിഥി തൊഴിലാളികള്‍ ഉന്നയിക്കുന്നു. അവരുടെ ഭാഷയില്‍ മറുപടി ലഭിക്കുമ്പോള്‍ അതിഥി തൊഴിലാളികള്‍ തൃപ്തരാകുന്നതായി കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ അതിഥി ദേവോ ഭവ പ്രൊജക്ടിന്റെ കീഴില്‍ ട്രെയിനിങ് ലഭിച്ച 11 മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരാണ് കോളുകള്‍ കൈകാര്യം ചെയ്യുന്നത്.
നാട്ടില്‍ പോകണം, വാടക വീട്ടില്‍ നിന്ന് ഉടമസ്ഥര്‍ ഇറക്കിവിട്ടു, ക്വാറന്റൈനില്‍ എങ്ങനെ ഇരിക്കണം തുടങ്ങിയുള്ള അന്വേഷണങ്ങളും ദിവസവും എത്തുന്നു. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍, ആലുവ മേഖലകളില്‍ നിന്നാണ് കൂടുതല്‍ വിളികളും. കോള്‍ സെന്റര്‍ ഇപ്പോള്‍ തുടങ്ങിയതാണെങ്കിലും ഇവരുടെ പ്രവര്‍ത്തനം നേരത്തേ തുടങ്ങിയതാണ്. മാസങ്ങളായി ഇവര്‍ സംഘമായി അതിഥി തൊഴിലാളികളുടെ താമസസ്ഥലം സന്ദര്‍ശിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."