ബ്രെക്‌സിറ്റിന് ഇ.യു മാര്‍ഗരേഖ പുറത്തിറക്കി
ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട മാര്‍ഗരേഖ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) പുറത്തിറക്കി. ബ്രിട്ടനുമായുള്ള ഭാവി വ്യാപാരബന്ധങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് യൂനിയന്‍ വിടുന്നതിനെ കുറിച്ചുള്ള തീരുമാനത്തില്‍ കാര്യമായ പുരോഗതി ആവശ്യമുണ്ടെന്നും ഇ.യു അറിയിച്ചു.
ഇ.യു തലവന്‍ ഡൊണാള്‍ഡ് ടസ്‌ക് പുറത്തുവിട്ട കരട് മാര്‍ഗരേഖയില്‍ ഘട്ടംഘട്ടമായി ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നയരേഖ അംഗീകാരത്തിനായി 27 അംഗരാജ്യങ്ങള്‍ക്ക് അയക്കും. അംഗരാജ്യങ്ങളുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമാകുക.
ബ്രിട്ടന്‍ ആവശ്യപ്പെട്ട സമയത്തുതന്നെ ഇരുകക്ഷികളും തമ്മിലുള്ള എല്ലാ വിഷയത്തിലും സമാന്തര ചര്‍ച്ച ആരംഭിക്കാനാകില്ലെന്നും യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആദ്യം പുരോഗതി ആവശ്യമാണെന്നും മാള്‍ട്ടയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. ഭാവിചര്‍ച്ചകള്‍ പ്രയാസകരവും സങ്കീര്‍ണവുമാകാനും ചിലപ്പോള്‍ ഏറ്റുമുട്ടലിലേക്കുവരെ നീങ്ങാനും സാധ്യതയുണ്ടെന്നു പറഞ്ഞ ടസ്‌ക് പ്രതികാരപരമായ നടപടികളൊന്നും ഇ.യുവിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് യൂറോപ്യന്‍ യൂനിയന്‍ വിടുന്ന നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ ഔദ്യോഗികമായി തുടങ്ങിയത്. ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കുന്നതായി അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ തങ്ങളുടെ ഇ.യു അംബാസഡര്‍ സര്‍ ടിം ബാരോ മുഖേന ഔദ്യോഗിക കത്ത് ഡൊണാള്‍ഡ് ടസ്‌കിനു കൈമാറിയിരുന്നു. യൂനിയന്‍ വിടുന്നതിനെ കുറിച്ചും ഭാവിവ്യാപാര ബന്ധങ്ങളെ കുറിച്ചും ഉടന്‍തന്നെ ചര്‍ച്ചയുണ്ടാകണമെന്ന് കത്തിലൂടെ ബ്രിട്ടന്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 29ന് ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടുള്ള ഇ.യു ഉച്ചകോടി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."