തീരദേശത്ത് ഓരോ മേഖലയിലും സമാധാന കമ്മിറ്റികള്‍
തിരൂര്‍: തീരദേശ മേഖലയില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താന്‍ ഓരോ മേഖലയിലും സമാധാന കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും പ്രശ്‌നങ്ങളില്‍ തക്കസമയത്ത് ഇടപെട്ട് പരിഹാരം കാണാന്‍ ജനപ്രതിനിധികളെ ചുമതലപ്പെടുത്താനും തീരുമാനം. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് നാലിന് ഉണ്യാല്‍ ഫിഷറീസ് സെന്ററില്‍ പ്രാദേശിക യോഗം ചേരും. സമാന രീതിയില്‍ താനൂര്‍ തീരദേശത്തെ ഇരു പാര്‍ട്ടികളില്‍ നിന്നായി ഏഴു പേരെ വീതം പങ്കെടുപ്പിച്ച് താനൂര്‍ നഗരസഭാ ഓഫിസില്‍ ഈ മാസം 10ന് വൈകിട്ട് മൂന്നിനും യോഗം ചേരും. ഉണ്യാല്‍ മേഖലയെ പുതിയകടപ്പുറം, ഉണ്യാല്‍ സൗത്ത്, ഉണ്യാല്‍ നോര്‍ത്ത്, ആലിന്‍ചുവട്, പറവണ്ണ, പുത്തങ്ങാടി എന്നീ ഭാഗങ്ങളായി തിരിച്ച് അതത് പ്രദേശങ്ങളിലെ ഇരു പാര്‍ട്ടികളില്‍ നിന്നായി അഞ്ച് വീതം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും.
വെള്ളിയാഴ്ചയിലെ യോഗത്തിനു മുന്‍പായി ഓരോ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളില്‍ സമാധാനം ഉറപ്പുവരുത്താന്‍ പരുക്ക് പറ്റിയവരെയും അവരുടെ കുടുംബങ്ങളെയും മറ്റു പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് സമാധാന സന്ദേശം കൈമാറാനും തീരുമാനമുണ്ട്. പെരുന്നാള്‍ കഴിയും വരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. സമാധാന ശ്രമങ്ങള്‍ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഉണ്യാല്‍ മേഖലാ സമാധാന കമ്മിറ്റി യോഗം നിറമരുതൂര്‍ പഞ്ചായത്ത് ഹാളില്‍ ചേരും. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൂട്ടായി എസ്.എച്ച്.എം.യു.പി സ്‌കൂളില്‍ ഇരുപാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് വീതം പ്രതിനിധികള്‍ യോഗം ചേരാനാണ് തീരുമാനം.
കൂട്ടായി മേഖലയെ ആശാന്‍പടി, വടക്കെ കൂട്ടായി, അരയന്‍കടപ്പുറം, തെക്കെ കൂട്ടായി, കൂട്ടായി ടൗണ്‍, പള്ളിവളപ്പ്, വാടിക്കല്‍, മൂന്നങ്ങാടി, പണ്ടായി, പടിഞ്ഞാറെക്കര എന്നിങ്ങനെ വേര്‍തിരിച്ച് ഇരുപാര്‍ട്ടികളില്‍ നിന്നായി 100 പേര്‍ അടങ്ങുന്ന പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.തീരദേശത്ത് അക്രമസംഭവങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായതും അപകീര്‍ത്തികരവുമായതുമായ പ്രചാരണം നടത്തരുതെന്നാണ് പ്രധാന നിര്‍ദേശം.
കുട്ടികളെയും സ്ത്രീകളെയും അക്രമിക്കുകയോ വീടുകള്‍ അക്രമിക്കുകയോ ചെയ്യരുതെന്നും പൊലിസ് സഹായത്തോടെ കൊടിതോരണങ്ങള്‍ കെട്ടുന്നത് നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്. നിറമരുതൂര്‍ പഞ്ചായത്ത് ഓഫിസ് ഹാളില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ ഉണ്യാല്‍ മേഖലാ സമാധാന കമ്മിറ്റി ചെയര്‍മാന്‍ പി.പി സൈതലവി അധ്യക്ഷനായി. കണ്‍വീനര്‍ കെ.പി അലിക്കുട്ടി, അബ്ദുള്ളക്കുട്ടി, ഇ. ജയന്‍, വെട്ടം ആലിക്കോയ, കൂട്ടായി ബഷീര്‍, വി. അബ്ദുല്‍ റസാഖ്, എം.പി അഷ്‌റഫ് സംസാരിച്ചു. ഇരു പാര്‍ട്ടികളില്‍ നിന്നായി ഏഴു വീതം പ്രദേശിക നേതാക്കള്‍ പങ്കെടുത്തു. കൂട്ടായിയില്‍ ചെയര്‍മാന്‍ എ.പി അബൂബക്കര്‍ കുട്ടി യോഗത്തില്‍ അധ്യക്ഷനായി. കണ്‍വീനര്‍ സി.പി ഷുക്കൂര്‍, കൂട്ടായി ബഷീര്‍, എം. അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ സംസാരിച്ചു. ഇരുപാര്‍ട്ടികളില്‍ നിന്നായി ആറു വീതം പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."