ഇതരസംസ്ഥാന തൊഴിലാളികളുമായി പോയ പിക്കപ്പ്‌വാന്‍ മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്
തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചു പോയ പിക്കപ്പ്‌വാന്‍ കുണിഞ്ഞിക്ക് സമീപം നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പടെ 15 പേര്‍ക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മൂന്നു തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കപ്പ്‌വാനിന്റെ ഡ്രൈവര്‍ ആലുങ്കത്തറയില്‍ ബിജു ജോസഫ് (40), കൊല്‍ക്കൊത്ത സ്വദേശികളായ മെഹ്‌റുല്‍ (28), ശിശുഖാ (32), അനാഹുല്‍ ഷെയ്ക്ക് (24), സഞ്ജയ് (32), ഷെരീഫുള്‍ ഇസ്‌ലാം (35), കലാബത്ത് (35), ലല്ലു ഷെയ്ക്ക് (50), മൈദുല്‍ (25), ഉദുണ്ഡന്‍ (35), സജല്‍ (26), ജോയ്‌നാല്‍ (40), മെഹദുല്‍ (25), ഖിലാബോത്ത് (50), ഹദിഹുള്‍ (20) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ രാവിലെ 7.15ന് പുറപ്പുഴ കൊടികുത്തി കുണിഞ്ഞി റോഡിലായിരുന്നു അപകടം. തൊഴിലാളികളെ കരിങ്കുന്നത്ത് നിന്ന് പുറപ്പുഴയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോവുകയായിരുന്നു. കുണിഞ്ഞിയിലെ കുത്തനെയുള്ള ഇറക്കമിറങ്ങി വളവു തിരിയുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. റോഡരികിലെ മരങ്ങളില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങി. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനം ഉയര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടര്‍ന്ന് പരുക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ മൈദുല്‍, ഉദുണ്ടന്‍, ശിശുഖാ എന്നിവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."