കൊട്ടാരക്കരയില്‍ മാലിന്യക്കൂമ്പാരം സംസ്‌കരിക്കാന്‍ തയാറാകാതെ നഗരസഭ
കൊട്ടാരക്കര: കരാറുകാര്‍ പിണങ്ങി പിരിഞ്ഞതോടെ കൊട്ടാരക്കര ടൗണിലേയും പരിസരപ്രദേശങ്ങളിലെയും മാലിന്യ നീക്കം നിലച്ചു. മാലിന്യം നീക്കാതെ ഒരാഴ്ചയില്‍ അധികമായിട്ടും അടിയന്തര ഇടപെടലുകള്‍ നടത്താന്‍ നഗരസഭ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. പൊതു സ്ഥലങ്ങളിലും ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മാലിന്യം കെട്ടിക്കിടന്ന് ദുഷിച്ചു നാറുകയാണിപ്പോള്‍. പരാതിപ്പെടുന്നവരോട് സ്വയം സംസ്‌ക്കരിക്കാനുള്ള നിര്‍ദേശം നല്‍കി നഗരസഭ കൈ ഒഴിഞ്ഞു. മാലിന്യം സംഭരിക്കുന്നതിലും നീക്കം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും അടിക്കടി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് കരാറുകാര്‍ ഈ ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ഇരുനൂറു രുപ മുതല്‍ വാങ്ങിക്കുന്നതിനുള്ള അവകാശമാണ് ഇവര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍ കൂടുതല്‍ തുക പലരില്‍ നിന്നും ഇവര്‍ ഈടാക്കി വന്നിരുന്നതായി വ്യാപാരികള്‍ പറയുന്നുണ്ട്. 200 രുപ മുതല്‍ 5000 രുപ വരെ നിരക്കിലാണ് മാലിന്യം നീക്കിയിരുന്നത്.
ഉഗ്രകുന്നിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കരാറുകാര്‍ക്ക് സംസ്‌ക്കരണം ബുദ്ധിമുട്ടാണ്. എല്ലാ മാലിന്യങ്ങളും ഒരുമിച്ചിട്ട് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ഭാഗികമായി മാത്രമേ അതു നടക്കുകയും ചെയ്യുന്നുള്ളു. ഇതിനെ ചൊല്ലി പരിസര വാസികള്‍ പ്രക്ഷോഭത്തിലുമാണ്. മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നാട്ടുകാര്‍ തടയുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ട്.
മാംസവും പ്ലാസ്റ്റിക്കുമൊക്കെ വേര്‍തിരിച്ചു സംസ്‌കരിക്കാനുള്ള സംവിധാനങ്ങളും ഇവിടെയില്ലാത്തതും പ്രതിഷേധത്തിന് കാരണമാകുന്നു. മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്‌ക്കരിക്കുന്നതിനും മതിയായ തൊഴിലാളികളേയും ലഭ്യമല്ല. മാലിന്യ സംസ്‌ക്കരണത്തിന് സമഗ്രമായ പദ്ധതികള്‍ ഒന്നും തന്നെ കൊട്ടാരക്കരയില്‍ ഇല്ല.
മുമ്പ് പഞ്ചായത്തായിരുന്നപ്പോഴും ഇപ്പോള്‍ നഗരസഭ ആയിരുന്നപ്പോഴും സ്ഥിതി ഒന്നുതന്നെയാണ്. ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് എല്ലാ ബജറ്റിലും പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാകാറില്ല. നഗരസഭ ആറ്റിങ്ങല്‍ മോഡല്‍ മാലിന്യം സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനായി പഠനം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാലിന്യസംസ്‌കരണത്തിനായി ശുചിത്വ മിഷ്യന്‍ 90 ലക്ഷം രുപ ഇവിടേക്ക് അനുവദിച്ചിരുന്നു. 17 ലക്ഷം രുപ മാത്രമാണ് ചിലവഴിച്ചത്. ഇപ്പോഴത്തെ ബജറ്റില്‍ ഉറവിട സംസ്‌കരണത്തിനാണ് നഗരസഭ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ലാന്റും മറ്റും സ്ഥാപിച്ച് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പദ്ധതിക്കായി ബജറ്റില്‍ വന്‍ തുകയും നീക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളില്‍ ശരിയായ അവബോധം വളര്‍ത്താതെ ഈ പദ്ധതി വിജയിപ്പിക്കാന്‍ സാധ്യമല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ നെല്‍സണ്‍ തോമസ് പറയുന്നത്. ഈ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭരിക്കുന്നവരുടെ ഇച്ഛാശക്തിയില്ലായ്മയാണ് നഗരം ദുഷിച്ചു നാറാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
നഗരത്തിലെ മാലിന്യം നീക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകാത്ത പക്ഷം വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ നിലപാട് അറിയിക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."